ഇടുക്കി: ചെറുതോണി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും. നിലവിൽ ഡാമിലെ ജലനിരപ്പ് 2387.04 അടിയായി ഉയർന്നിരിക്കുകയാണ്. സംഭരണ ശേഷിയുടെ 86.63 ശതമാനമാണ് ഇപ്പോൾ ഡാമിലുള്ള വെള്ളത്തിന്‍റെ അളവ്.
ഇതേതുടർന്ന് ചൊവ്വാഴ്‌ച(09.08.2022) ഉച്ചയ്‌ക്ക് 12.30 മുതൽ ചെറുതോണി ഡാമിന്‍റെ 2, 4 ഷട്ടറുകൾ 120 സെന്‍റീമീറ്ററും 1,5 ഷട്ടറുകൾ 40 സെന്‍റീമീറ്റർ ഉയരത്തിലും നിലനിർത്തികൊണ്ട് മൂന്നാം നമ്പർ ഷട്ടർ 120 സെന്‍റീമീറ്റർ ഉയരത്തിൽ നിന്നും 160 സെന്‍റീമീറ്ററായി ഉയർത്തി. ആകെ 330 ക്യൂമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്.
തടിയമ്പാട് ചപ്പാത്ത് അപകടാവസ്ഥയിൽ: ജലം ഒഴുകുന്ന മൂന്ന് വഴികളിലും തടി വന്നടഞ്ഞ് അപകടാവസ്ഥയിലാണ് തടിയമ്പാട് ചപ്പാത്ത്. ഇതുമൂലം സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയാണ്. ഡാമിൽ നിന്നും കൂടുതൽ ജലം എത്തുന്ന സാഹചര്യത്തിൽ ഈ തടികൾ മാറ്റിയില്ലെങ്കിൽ ചപ്പാത്ത് തകരും.
മരച്ചില്ലകൾ തടഞ്ഞിരിക്കുന്നത് നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഘം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്ന് എൻഡിആർഎഫ് സംഘം തടിയമ്പാട് ചപ്പാത്തിയിലേക്ക് തിരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലുള്ള സംഘം തടിയമ്പാട് എത്തിച്ചേരുവാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടുക്കിയിൽ ഒരു എൻഡിആർഎഫ് സംഘം മാത്രമാണ് ഉള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സേനകൾ എത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും സേനകൾ എത്താത്തത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഇടുക്കി തഹസിൽദാറും സ്ഥലത്തുണ്ട്. അശാസ്‌ത്രീയമായ നിർമാണമാണ് ഈ പ്രതിസന്ധിക്ക് കാരണം. പാലത്തിന്‍റെ മൂന്ന് ഭാഗങ്ങളിൽ കൂടി മാത്രമേ വെള്ളം പോകുവാൻ സ്ഥലം ഉണ്ടായിരുന്നുള്ളൂ. പാലം നിർമിക്കുന്ന സമയത്ത് ഈ അശാസ്‌ത്രീയ നിർമാണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതാണ്.
Also Read: വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തി മരത്തടി; തടിയമ്പാട് ചപ്പാത്ത് അപകടാവസ്ഥയിൽ