ഇടുക്കി: ചെക്ക് ഡാം കാടുകയറി നശിക്കുന്നു. അധികൃതരുടെ അനാസ്ഥ മൂലമാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഡാം ചെളിയും, മണലും നിറഞ്ഞ് കാടുകയറി നശിക്കുന്നത്. ജലവിഭവ വകുപ്പ് മൈനർ ഇറിഗേഷൻ വിഭാഗം കൃഷിക്കായി 15 വർഷം മുമ്പ് നിർമിച്ചതാണ് ചെക്ക് ഡാം. അമരാവതിയിൽ നിന്ന് ഉത്ഭവിച്ച് തേക്കടി തടാകത്തിൽ എത്തുന്ന തോടിന് കുറുകെ നിർമിച്ചിരിക്കുന്ന ചെക്ക്ഡാമിലെ വെള്ളം പ്രദേശത്തെ കൃഷി ആവശ്യത്തിന് നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഡാമിന്‍റെ അടിഭാഗത്തായി പ്രത്യേക വാൽവ് സംവിധാനവും ഒരുക്കി.
സി.എ കുര്യൻ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കാലത്താണ് ഡാം അനുവദിച്ചത്. നിർമാണം പൂർത്തിയാക്കിയ ശേഷവും ശുചീകരണ പ്രവർത്തനം നടന്നില്ല. മഴക്കാലത്ത് ഒഴുകിയെത്തുന്ന മണ്ണും, മണലും അടഞ്ഞു കൂടി ഇപ്പോൾ ഇത് പൂർണമായും നികന്നു. തോടുകളുടെ സംരക്ഷണം പഞ്ചായത്തിന്‍റെ ഉത്തരവാദിത്വം ആയതിനാൽ ഇത് നീക്കം ചെയ്യേണ്ടത് പഞ്ചായത്താണെന്ന് നാട്ടുകാർ പറയുന്നു. കല്ലും മണ്ണും നീക്കിയാൽ പ്രദേശത്തെ 50 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്കായി ഡാമിലെ വെള്ളം പ്രയോജനപ്പെടുത്താനാകും.