ഇടുക്കി: ലോക്ക് ഡൗണില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ ഏലം വ്യവസായം. ഏലം വില നാലായിരത്തില്‍ നിന്നും ആയിരത്തി അഞ്ഞൂറിലേക്ക് കൂപ്പുകുത്തി. ലോഡ് കയറ്റാന്‍ കഴിയാത്തതിനാല്‍ വ്യാപാരികള്‍ ഏലക്ക എടുക്കുന്നതിനും തയ്യാറാകുന്നില്ല. പ്രതിസന്ധിയിലായ കര്‍ഷകരേയും വ്യാപാരികളേയും സഹായിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
എല്ലാ കാര്‍ഷിക മേഖലയും തിരിച്ചടി ഏറ്റുവാങ്ങിയപ്പോള്‍ ഹൈറേഞ്ചിലെ കര്‍ഷകരുടെ ഏക പ്രതീക്ഷ ഏലം വ്യവസായമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഏലത്തിന് ഉയര്‍ന്ന വില ലഭിക്കുന്നതായിരുന്നു കര്‍ഷകരുടെ ആശ്വാസം. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം വില കൂപ്പുകുത്തിയതും അതിര്‍ത്തികള്‍ അടച്ചതോടെ കയറ്റുമതി നിലച്ചതും കര്‍ഷകരെ ദുരിതത്തിലാക്കി. ഇതോടെ ഏലക്ക വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികളും.
വിളവെടുത്ത് ഉണക്കി സൂക്ഷിച്ചിരിക്കുന്ന ഏലക്ക വിറ്റഴിക്കാന്‍ കഴിയാത്തതില്‍ ഉടന്‍ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിലയുടെ അറുപത് ശതമാനം കര്‍ഷകര്‍ക്ക് നല്‍കി കാര്‍ഷിക വികസന ബാങ്കുകള്‍ വഴി ഏലക്ക ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഏലം ഉല്‍പാദനം കൂടുന്നതോടെ വില ഇടിവ് തുടരാന്‍ സാധ്യതയുണ്ടെന്നും വില സ്ഥിരത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.