ഇടുക്കി: പ്രഖ്യാപനത്തില്‍ ഒതുങ്ങി ഉടുമ്പന്‍ചോലയിലെ ആയുര്‍വേദ മെഡിക്കല്‍ കോളജ്. നിര്‍മ്മാണോദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രം ആയി മാറുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് ഉടുമ്പന്‍ചോലയില്‍ സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് അനുവദിച്ചത്. റവന്യു വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 23 ഏക്കര്‍ ഭൂമി കോളജിനായി വിട്ടു നല്‍കുകയും ചെയ്‌തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ശിലാഫലകം അനാശ്ചാദനവും നടത്തി.
പ്രഖ്യാപനങ്ങൾ അതിഗംഭീരമായിരുന്നു: വിദേശികളെ ആയുര്‍വേദ ചികിത്സയ്ക്കായി ആകര്‍ഷിയ്ക്കുന്ന തരത്തില്‍ മെഡിക്കല്‍ കോളജ് ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ 100 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ സജ്ജമാക്കുകയും പിന്നീട് ഘട്ടം ഘട്ടം മായി നിര്‍മാണം പൂര്‍ത്തീകരിയ്ക്കുകയും ചെയ്യുമെന്നായിരുന്നു വാഗ്‌ദാനം. പ്രാരംഭ നടപടികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചതായും അറിയിച്ചു.
എന്നാല്‍ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ പോലും ആരംഭിച്ചിട്ടില്ല. കോളജിനായി കണ്ടെത്തിയ സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണിപ്പോള്‍. ഹരിത കര്‍മ്മ സേന വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിയ്ക്കുന്ന മാലിന്യങ്ങളില്‍ നിന്നും തരം തിരിച്ച ശേഷം ബാക്കിയാവുന്നവ ഇവിടെ നിക്ഷേപിയ്ക്കുന്നതായും ആരോപണം ഉണ്ട്.