ഇടുക്കി: കൊവിഡ് കാലം മനുഷ്യജീവിതം പ്രതിസന്ധിയിലാക്കിയെങ്കിലും പ്രകൃതി അതിന്‍റെ തനത് സൗന്ദര്യം തിരിച്ചു പിടിച്ച കാഴ്ച പലയിടങ്ങളിൽ നിന്നായി നമ്മൾ കണ്ടതാണ്. സമാന കാഴ്‌ചയാണ് ഇടുക്കിയിലെ അരുവിക്കുഴിയിലും കാണാനാകുക.
ഇടുക്കിയിലെ ചക്കുപള്ളം പഞ്ചായത്തിലാണ് അരുവിക്കുഴി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മേഖല. ഏതൊരാളെയും ആകര്‍ഷിക്കുന്ന ഇവിടുത്തെ വെള്ളച്ചാട്ടം ഇന്ന് ജലസമൃദ്ധമാണ്. തേനി ജില്ലയുടെ വിദൂര കാഴ്ചകൾ കാണമെന്നതും അരുവിക്കുഴിയുടെ പ്രത്യേകതയാണ്. ടൂറിസം മേഖല സജീവമാകുമ്പോൾ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. സ്‌പൈസസ് ടൂറിസം സർക്യൂട്ടിന്‍റെ ഭാഗം കൂടിയായ ഇവിടെ ചെക്ക് ഡാം, ബോട്ടിങ്, വാച്ച്ടവർ എന്നിവയുടെ നിര്‍മാണവും ഉടൻ ആരംഭിക്കും. കൊവിഡ് പ്രതിസന്ധി അകലുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ.