ഇടുക്കി : നല്ല ചികിത്സ നൽകി അച്ഛനും അമ്മയ്ക്കും കാഴ്‌ച നൽകണം പിന്നെ,സ്‌കൂളിൽ പോകാൻ ഒരു സൈക്കിൾ വാങ്ങണം, ഒരെട്ടുവയസുകാരിയുടെ ആഗ്രഹങ്ങളാണിത്. നെടുങ്കണ്ടം സേക്രട്ട് ഹാർട്ട് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് എയ്ഞ്ചലീന. അച്ഛൻ അഴകമൂർത്തിക്ക് ജന്മനാ കാഴ്‌ചയില്ല. അമ്മ രാജേശ്വരിക്കും ചെറുപ്പത്തില്‍ കാഴ്‌ച നഷ്‌ടമായതാണ്.
വൈകിട്ട് സ്‌കൂൾ വിട്ടുവന്നാല്‍ അമ്മ രാജേശ്വരിയുടെ കൈയും പിടിച്ച് എയ്ഞ്ചലീന നെടുങ്കണ്ടം ടൗണിൽ എത്തും. ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനമാണ് ഏക ജീവിത മാർഗം. വോക്കിങ് സ്റ്റിക്കുമായി അച്ഛൻ അഴകമൂർത്തിയും ഒപ്പമുണ്ടാകും.
ALSO READ: പ്രാവുകളോടുള്ള 'പ്രേമം' പരിപാലകനാക്കി; ഷൈജുവിന് ഇപ്പോൾ ഉപജീവനവും...
ഓൺലൈൻ പഠനത്തിനായി നെടുങ്കണ്ടം ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ വാങ്ങി നല്‍കിയ ഫോൺ ആരോ മോഷ്ടിച്ചു. പിന്നീട് വാങ്ങിയ മറ്റൊരു ഫോണും മോഷ്ടിക്കപ്പെട്ടു. കുടുംബത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സ്‌കൂൾ അധികൃതർ ഫീസ് പൂർണമായും ഒഴിവാക്കി നൽകിയത് എയ്‌ഞ്ചലീനയ്ക്ക് ആശ്വാസമായി.
സ്വന്തമായൊരു വീടും മകളുടെ മുന്നോട്ടുള്ള പഠനവുമാണ് തമിഴ്‌നാട്ടില്‍ നിന്നെത്തി നെടുങ്കണ്ടത്ത് ജീവിത മാർഗം തേടുന്ന കുടുംബത്തിന്‍റെ സ്വപ്‌നം.