ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ മൂന്നേമുക്കാൽ കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കുമളി വെള്ളാരംകുന്ന് ഏറത്ത് വീട്ടിൽ ജോമോനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമളി വെള്ളാരംകുന്നിൽ നിന്ന് ഡൈമൂക്കിലേക്ക് പ്ലാസ്റ്റിക് ചാക്കിൽ കഞ്ചാവുമായി പോകവേയാണ് ജോമോൻ പൊലീസ് പിടിയിലായത്. അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജോമോൻ.
വണ്ടിപ്പെരിയാർ മേഖലയിൽ ലഹരിയുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും അധികമായി കണ്ടുവരുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ആന്റി സ്‌കോഡിന്‍റെ നിരീക്ഷണത്തിലായിരുന്നു ജോമോൻ. ഇയാൾ മുൻപ് പലർക്കും കഞ്ചാവ് കൈമാറിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്.
കഴിഞ്ഞ് രണ്ടാഴ്ചക്ക് മുൻപ് നെടുംകണ്ടം സ്വദേശികളായ രണ്ടുപേരെ ഒന്നരകിലോ കഞ്ചാവുമായി വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് പറഞ്ഞു.