ഇടുക്കി: മര തൂണുകളില്‍ താങ്ങി നിര്‍ത്തിയിരുന്ന വീട് നിലംപൊത്തി. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലാണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശിയായ പാറവിളയില്‍ ശശിധരന്‍റെ മര തൂണുകളില്‍ താങ്ങി നിര്‍ത്തിയിരുന്ന വീട് തകര്‍ന്നത്. കയറി കിടക്കാന്‍ ഇടമില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.
മണ്‍ ഇഷ്‌ടിക ഉപയോഗിച്ച് നിര്‍മിച്ച ചെറുവീട് കുറച്ച് കാലങ്ങളായി താങ്ങി നിര്‍ത്തിയിരുന്നത് മര തൂണുകള്‍ ഉപയോഗിച്ചാണ്. കാലപഴക്കത്താല്‍ ദ്രവിച്ച മണ്‍ഭിത്തിയും മേല്‍ക്കൂരയും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയില്‍ അടുക്കള ഭാഗവും സമീപത്തെ മറ്റൊരു ഭിത്തിയും തകര്‍ന്നിരുന്നു. ഇതോടെ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലുള്ള വീട്ടില്‍ ഭീതിയിലാണ് കുടുംബം.
വാസയോഗ്യമായ വീടിനായി ശശിധരനും കുടുംബവും രണ്ട് പതിറ്റാണ്ടോളമായി അപേക്ഷ സമര്‍പ്പിക്കാറുണ്ട്. ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിലവില്‍ 84 സെന്‍റ് ഭൂമി ഉള്ളതിനാല്‍ വീട് ലഭ്യമായില്ല. നട്ടെല്ലിന് തകരാറുണ്ടായതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയതിനാല്‍ ശശിധരന് ജോലിക്ക് പോകാനും സാധിക്കില്ല. രോഗിയായ ഭാര്യ അമ്പിളി കൂലിവേലയ്‌ക്ക് പോകുന്നത് മാത്രമാണ് കുടുംബത്തിന്‍റെ ഏക വരുമാനം.
സംഭവത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വീട്ടില്‍ നിന്നും കുടുംബത്തെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിലെ നിയമ കുരുക്കുകള്‍ ഒഴിവാക്കി വാസയോഗ്യമായ വീട് അനുവദിക്കുന്നതിന് ഇടപെടല്‍ ഉണ്ടാവണമെന്നതാണ് ഈ കുടുംബത്തിന്‍റെ ആവശ്യം.