ഇടുക്കി: കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറിയുടെ തുക നല്‍കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് തയ്യാറാകുന്നില്ലെന്നാക്ഷേപം. വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഓണത്തിന് മുമ്പ് സംഭരിച്ച പച്ചക്കറിയുടെയടക്കം ലക്ഷക്കണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് ഇനിയും നല്‍കുവാനുള്ളത്. 62 ലക്ഷം രൂപയില്‍ ആകെ നല്‍കിയത് ഇരുപത് ലക്ഷത്തില്‍ താഴെയാണ്. ഇനിയും 40 ലക്ഷത്തിലധികം രൂപ കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്.
വിഎഫ്‌പിസികെയാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പിന് നല്‍കിയത്. സംഭരിച്ച പച്ചക്കറിയുടെ കണക്കും മറ്റ് വിവരങ്ങളും ഹോര്‍ട്ടികോര്‍പ്പ് ആവശ്യപ്പെട്ടിട്ടും വിഎഫ്‌പിസികെ ഉദ്യോഗസ്ഥര്‍ നല്‍കാത്തതാണ് പച്ചക്കറിയുടെ പണം കര്‍ഷകരിലേക്കെത്താന്‍ വൈകുന്നതിന് കാരണം. വിഷയത്തില്‍ കൃഷിവകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം