ഇടുക്കി: നാല് മക്കളും രണ്ട് കൊച്ചുമക്കളും അടക്കം എട്ട് പേരടങ്ങുന്നതാണ് ഇടുക്കി പാറതോട്ടിലെ റീനയുടെ വീട്. ഒന്നൊഴിയാതെ ദുരിതങ്ങൾ നിറഞ്ഞതാണ് റീനയുടെയും ഭർത്താവ് അനീഷിന്‍റെയും കുടുംബം. അനീഷും ഭാര്യ റീനയും കൂലിവേല ചെയ്‌താണ് മക്കളെ പോറ്റിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദര സംബന്ധമായ രോഗങ്ങള്‍ ബാധിച്ചതോടെ റീനയ്ക്ക് കൂലിവേല ചെയ്യാനാവാതെ ആയി. ഭര്‍ത്താവ് അനീഷിന് ഹൃദയ സംബന്ധമായ അസുഖവും പിടിപെട്ടതോടെ കുടുംബം മുഴുപട്ടിണിയിലായി.
ഇതിനിടെ കുടുംബത്തിന്‍റെ ദാരിദ്ര്യം അറിഞ്ഞ് ഒരു യുവാവ് ഇവരുടെ മൂത്ത മകളെ വിവാഹം ചെയ്‌തു. എന്നാല്‍ രണ്ട് കുട്ടികളായതോടെ ഇയാള്‍ യുവതിയെ ഉപേക്ഷിച്ചു. ഇതോടെ കുട്ടികളും മൂത്തമകളും റീനയുടേയും അനീഷിന്‍റെയും സംരക്ഷണത്തിലായി. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും ഏലതോട്ടത്തിലൂടെ മൂന്ന് കിലോമീറ്ററോളം നടന്ന് വേണം വാഹനം ലഭ്യമാകുന്ന സ്ഥലത്ത് എത്താന്‍. ഒറ്റപെട്ട മേഖലയിലൂടെ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതിനാല്‍ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി.
മൂന്ന് വയസുള്ള കൊച്ചുമകള്‍ക്ക് കാഴ്‌ച ഇല്ലെന്ന് കഴിഞ്ഞയിടെയാണ് തിരിച്ചറിഞ്ഞത്. സുമനസുകളുടെ സഹായത്തോടെ രണ്ട് കണ്ണിനും ശസ്‌ത്രക്രിയ നടത്തിയതോടെയാണ് കാഴ്‌ച ലഭിച്ചത്. കുട്ടിയ്ക്ക് മികച്ച പരിചരണം പോലും നല്‍കാനുള്ള സൗകര്യം ഇവരുടെ വീട്ടിലില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അനീഷിന്‍റെയും റീനയുടേയും ചികിത്സ മാറ്റി വെച്ചിരിയ്ക്കുകയാണ്. എങ്കിലും മാസംതോറും മരുന്നിന് മാത്രമായി ആയിരങ്ങള്‍ വേണം. കുട്ടികളുടെ പഠനം സുമനസുകള്‍ ആരെങ്കിലും ഏറ്റെടുക്കുമെന്നാണ് ഈ വീട്ടമ്മയുടെ പ്രതീക്ഷ. കുഞ്ഞുങ്ങളുടെ പഠന സൗകര്യാര്‍ഥം ഉള്‍കാട്ടില്‍ നിന്നും മാറി എവിടെയെങ്കിലും ഒരു കൊച്ചു വീടൊരുക്കണമെന്ന സ്വപ്‌നവും ഈ കുടുംബത്തിനുണ്ട്.