ഇടുക്കി: പതിറ്റാണ്ടുകളായി കൃഷി നടത്തിവരുന്ന ഇടുക്കി പീച്ചാട്, പ്ലാമല പ്രദേശത്തെ കര്‍ഷകരെ കുടിയിറക്കാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമതി രംഗത്ത്. കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പീച്ചാട് മേഖലയിലെത്തി ഏലം കൃഷി വെട്ടി നശിപ്പിച്ചിരുന്നു.
പീച്ചാട്, പ്ലാമല, കോട്ടാപ്പാറ, നൂറാംകര, കൊട്കല്ല് തുടങ്ങിയ പ്രദേശങ്ങളിലെ അറുനൂറോളം വരുന്ന കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണിയുമായി കഴിയുന്നത്. അറുപത് വര്‍ഷത്തിലധികമായി താമസിക്കുന്ന പ്രദേശത്ത് നിന്ന് കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാന്‍ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
2020 ജൂണില്‍ ഇവിടെയെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടത്തിയിരുന്നു. കര്‍ഷകരുടെ സംഘടിതമായ ചെറുത്ത് നില്‍പ്പിന് ശേഷം ഇവര്‍ മടങ്ങിയെങ്കിലും ഇതിന് ശേഷം കഴിഞ്ഞ പത്താം തീയതിയടക്കം പതിമൂന്ന് തവണ വനംവകുപ്പ് പൊലീസ് സന്നാഹമുള്‍പ്പെടെയുള്ളവരുമായെത്തി കുടിയിറക്കാന്‍ ശ്രമിക്കുകയും ഏക്കറ് കണക്കിന് ഏലം കൃഷി വെട്ടി നിരത്തുകയും ചെയ്തു. നിലവില്‍ മേഖല റിസര്‍വ്വ് വനത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് ജണ്ഡയിട്ട് തിരിക്കുന്നതിനാണ് വനംവകുപ്പിന്റെ നീക്കം. ഇതിന്‍റെ ഭാഗമായിട്ടാണ് കര്‍ഷകരെ കയ്യേറ്റക്കാരെന്ന് ചിത്രീകരിച്ച് കൃഷിവിളകടക്കം വെട്ടി നശിപ്പിക്കുന്നത്.
നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമടക്കം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സമയത്താണ് നിലവില്‍ ഹൈറേഞ്ച് സംരക്ഷണ സമതിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഹൈറേഞ്ച് സംരക്ഷണസമതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
സമതി നേതൃത്വം പീച്ചാട് മേഖലയില്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ചു. മേഖലയിലെ പലര്‍ക്കും പട്ടയം നല്‍കിയിട്ടുമുണ്ട്. കൂടാതെ 2017ല്‍ ജോയിന്‍റ് വേരിഫിക്കേഷന്‍ നടത്തി ഈ പ്രദേശത്തുള്ളത് കൃഷി ഭൂമിയാണെന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ വനംവകുപ്പ് ഇടുക്കിയില്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും കര്‍ഷകരെ കുടിയിറക്കി ഇവിടെ വനമേഖലയാക്കി മാറ്റാണ് പരിശ്രമമെന്നും ഹൈറേഞ്ച് സംരക്ഷണ സമതി ആരോപിക്കുന്നു. തുടര്‍ നടപടികളുമായി വനംവകുപ്പിനെ മുമ്പോട്ട് പോകാന്‍ അനുവധിക്കില്ലെന്നും സമതി നേതാക്കള്‍ വ്യക്തമാക്കി.