ഇടുക്കി: കുമളിയിൽ മുള്ളൻപന്നിയെ വേട്ടയാടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി ചെങ്കര സ്വദേശി ചാക്കോ ജോസഫാണ് വനം വകുപ്പിന്‍റെ പിടിയിലായത്. ഇയാളുടെ പറമ്പിൽ നിന്ന് ജീർണിച്ച മുള്ളൻപന്നി ഇറച്ചിയും കണ്ടെത്തി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ മൂങ്കലാറ്റിൽ നിന്ന് 4 കിലോയോളം മുള്ളൻപന്നിയിറച്ചിയുമായി മൂങ്കലാർ സ്വദേശി ആർ. സുരേഷ് അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ചാക്കോ ജോസഫിനെ പിടികൂടിയത്.
മുള്ളൻ പന്നിയെ കുടുക്കിട്ട് പിടിച്ചതാണെന്ന് പ്രതികൾ വനം വകുപ്പിന് മൊഴി നൽകി. ലോക്ക് ഡൗൺ ആയതോടെ പ്രദേശത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വീടുകളിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.