ഇടുക്കി: ജില്ലയിൽ കനത്ത മഴ.നെടുങ്കണ്ടം, രാമക്കല്‍മേട്, തൂക്കുപാലം, കോമ്പയാര്‍, കല്ലാര്‍ മേഖലകളില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. മൂടല്‍ മഞ്ഞ് വര്‍ധിച്ചതോടെ കൊടും തണുപ്പാണ് മേഖലയിൽ അനുഭവപെടുന്നത്. ഉയരംകൂടിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും ഭീതി വിതയ്ക്കുന്നുണ്ട്. കാറ്റിലും മഴയിലും ഇരട്ടയാർ നത്തുകല്ലിൽ വീടിന്‍റെ മേൽക്കൂര തകർന്നു. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ തകരാറിലായി.
വൈദ്യുതി മുടങ്ങിയതോടെ ചിലയിടങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മൊബൈൽ ഇന്‍റർനെറ്റ് സേവനവും മിക്കയിടത്തും തകരാറിലാണ്. മൂന്നാർ മേഖലയിലെ ഗുണ്ടുമല, കുറ്റിയാർവാലി, മാട്ടുപ്പെട്ടി, ചിറ്റിവാര, രാജമല, സൈലന്‍റ്‌വാലി തുടങ്ങിയ പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം കാട്ടാന ശല്യവും രൂക്ഷമായി. കനത്ത മഴ മൂലം കല്ലാര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആവശ്യമായി വന്നാൽ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം തുറക്കുന്നതിനുള്ള നടപടികള്‍ കെ. എസ്. ഇ. ബി ആരംഭിച്ചുകഴിഞ്ഞു.