ഇടുക്കി: കാലവര്‍ഷം കലിപൂണ്ടതോടെ മൂന്നാര്‍ മേഖലയില്‍ ആശങ്ക ഉയരുകയാണ്. മുതിരപ്പുഴയാറ്റിലും കൈവഴികളിലും വെള്ളമുയര്‍ന്ന് കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പള്ളിവാസല്‍ ഹെഡ് വര്‍ക്കസ് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. ദേവികുളം, മാട്ടുപ്പെട്ടി, ഇക്കാനഗര്‍, മൂന്നാര്‍ കോളനി എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കന്നിമലയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ പെരിയവരൈ താല്‍ക്കാലിക ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി ഗതാഗതം നിലച്ചു. പുതിയ പാലത്തിന്‍റെ ഭാഗമായി നിര്‍മാണം നടക്കുന്നിടത്ത് ഗര്‍ത്തം രൂപം കൊണ്ടു. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും തങ്ങളുടെ ദുരിതത്തിന് അറുതിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മലയിടിച്ചിലുണ്ടായ ദേവികുളം ഗ്യാപ്പ് റോഡില്‍ ഇളകിയിരുന്ന കല്ലും മണ്ണും വെള്ളപ്പാച്ചിലില്‍ താഴേക്ക് ഒഴുകിയെത്തിയതോടെ താഴ്‌വരയിലെ കൃഷിയിടങ്ങള്‍ നശിച്ചു. പ്രദേശവാസികളുടെ മുറ്റം വരെ ചെളി ഒഴുകിയെത്തി. വീടുകളും കെട്ടിടങ്ങളും അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ജൂണ്‍ 17നുണ്ടായ മലയിടിച്ചിലില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വീണ്ടും കൃഷിനാശം സംഭവിച്ചത്.