ഇടുക്കി : ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്കും മണ്ണിനടിയിൽപ്പെട്ടു. ചെറുതോണി പൊലീസ് സേറ്റേഷന് സമീപത്തായിരുന്നു അപകടം.
ഇന്നലെ (ഒക്‌ടോബർ 17) ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയായിരുന്നു. നെടുങ്കണ്ടം സ്വദേശി ജോഷ്വയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കലക്ടറേറ്റില്‍ പോയി തിരികെ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്.
അപകട സമയത്ത് 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആളപായമില്ല. കരിമ്പൻ സ്വദേശി അശ്വിൻ ഷാന്‍റെ പാർക്ക് ചെയ്‌തിരുന്ന ബൈക്കാണ് മണ്ണിനടിയിൽപ്പെട്ടത്.
മണ്ണ് നീക്കം ചെയ്‌ത് ഇരുവാഹനവും പുറത്തെടുത്തു. മരവും മണ്ണും വൈദ്യുത തൂണും റോഡില്‍ പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
കൊന്നത്തടി പഞ്ചായത്തിൽ പെരിഞ്ചാംകുട്ടി - പണിക്കൻകുടി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. വാഹനങ്ങൾ തള്ളിയാണ് മറുകരയിൽ എത്തിച്ചത്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയുടെ ആശങ്കയിലാണ് മലയോര ജനത.