ഇടുക്കി : കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിക്ക് സേനാപതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തുടക്കം. ആശുപത്രിയുടെ സമീപത്തുള്ള പത്ത് സെന്‍റ് സ്ഥലത്താണ് കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ ആശുപത്രി ജീവനക്കാർ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്.
കൊവിഡ് പ്രതിസന്ധിയിൽ മുന്നണി പോരാളികളായ ആരോഗ്യ രംഗത്തെ ജീവനക്കാർ വിശ്രമമില്ലാത്ത പരിശ്രമിക്കുന്നതിനിടെയാണ് ജോലി തിരക്കുകൾക്ക് ശേഷം കാർഷിക മേഖലയിലും ഇടപെടല്‍ നടത്തുന്നത്.
READ MORE: ഇളവോടെ ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ; ടൂറിസം രംഗത്തിന് ആശ്വാസം
ആശുപത്രിക്ക് സമീപം കാടുമൂടിക്കിടന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. പയർ, ബീൻസ്, ക്യാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറി കൃഷികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ഗോപിനാഥൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്. ജാൻസി, ഹെൽത്ത് ഇൻസ്പെക്ടർ ശൈലജ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ രേണു കുമാരി, ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റി അംഗം കെ കെ സുകുമാരൻ,
ഹോസ്പിറ്റൽ സ്റ്റാഫുകൾ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി പരിപാലിച്ചുവരുന്നത്. പഞ്ചായത്ത് അംഗങ്ങളായ മത്തായി അഗസ്തി, ഷൈജ അമ്പാടി, കൃഷി ഓഫിസർ ബെറ്റ്സി മെറീന ജോൺ എന്നിവരും കൃഷിക്ക് വേണ്ട സഹായങ്ങൾ നൽകി വരുന്നു.