ഇടുക്കി: ഏലപ്പാറ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മിന്നല്‍ പരിശോധന. ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഭക്ഷണ ശാലയിലെ ജീവനക്കാരന് ടൈഫോയ്‌ഡ് ഉള്ളതായി സ്ഥിരീകരിച്ചു.
ഏലപ്പാറ നഗരത്തിലെ ഭക്ഷണ ശാലകളില്‍ ശുചിത്വമില്ലെന്ന് ജില്ലാ കലക്ടര്‍ കണ്ടെത്തിയതോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് കവറുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഷിജുകുമാര്‍ പറഞ്ഞു.
നഗരത്തിലെ ഭക്ഷണ ശാലകളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കി. പരിശോധയില്‍ ഒരു ജീവനക്കാരന് ടൈഫോയ്ഡ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ആറുമാസത്തിലൊരിക്കല്‍ ജീവനക്കാര്‍ക്ക് പരിശോധന നടത്തത്തണമെന്ന് മുന്നറിയിപ്പ് നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന കാര്‍ഡുള്ളവര്‍ക്കു മാത്രമേ ഇനി ഹോട്ടലുകളില്‍ ജോലി ചെയ്യാന്‍ കഴിയൂ. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.