ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലേക്ക് വഴി തെളിച്ച ഹരിതാ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നില്ലെന്ന് ആരോപണം. സാധാരണക്കാരായ നൂറുകണക്കിന് ആളുകള്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഇരു കേസുകളും ഒരുപോലെ അന്വേഷിക്കുമെന്നായിരുന്നു അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നതെങ്കിലും തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടുക്കി തൂക്കുപാലം കേന്ദ്രമാക്കി ആരംഭിച്ച ഹരിതാ ഫിനാന്‍സിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ടാണ് 2019 ജൂണ്‍ 12ന് വാഗണ്‍ സ്വദേശിയായ രാജ്കുമാര്‍ അറസ്റ്റിലായത്. നെടുങ്കണ്ടം പൊലീസ് നാല് ദിവസം കസ്റ്റഡിയില്‍ വെച്ച് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചു. ആന്തരീക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ രാജ്കുമാര്‍ മരണപ്പെട്ടു. സംഭവത്തില്‍ എസ്ഐ ഉള്‍പ്പടെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരി ആദ്യ വാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജ്കുമാറിന്‍റെയും കൂട്ടാളികളുടേയും നേതൃത്വത്തില്‍ നടത്തപെട്ട ഹരിതാ ഫിനാന്‍സിന്‍റെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം പുരോഗമിയ്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായ്‌പ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘങ്ങള്‍ രൂപീകരിച്ചാണ് ഹരിതാ ഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ആവശ്യമായ വായ്‌പക്ക് ആനുപാതികമായി നിശ്ചിത തുക മുന്‍കൂറായി വാങ്ങിയിരുന്നു. സാധാരണക്കാരായ നിരവധി പേരാണ് ഇവിടെ പണം നിക്ഷേപിച്ചത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും പണം എവിടെയെന്ന് കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.