ഇടുക്കി: മൂലമറ്റത്ത് ഇന്നലെ (26.03.2022) വെടിയേറ്റ പ്രദീപിന്‍റ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്കും നെഞ്ചിനും വയറിനും കൈക്കും വെടിയേറ്റിട്ടുണ്ട്. കരളിനും വെടിയേറ്റതിനാല്‍ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം.
വയറിലേറ്റ മുറിവ് ആഴത്തിലാണ്. ഇതോടൊപ്പം തലയിലെ മുറിവും സാരമാണ്. നിലവില്‍ ഉള്ളില്‍ കെട്ടി കിടന്ന രക്തം നീക്കം ചെയ്യുകയും കയ്യില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യുകയും ചെയ്തു. വെടിയേറ്റ പ്രദീപിന്‍റെ സുഹൃത്ത് കീരിത്തോട് സ്വദേശി സനൽ സാബു സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി: വെടിയുതിര്‍ത്ത മൂലമറ്റം സ്വദേശിയായ ഫിലിപ്പ് മാർട്ടിന്‍റെ അറസ്റ്റ് പൊലീസ്റ്റ് രേഖപ്പെടുത്തി. മാർട്ടിന് എവിടെ നിന്ന് തോക്ക് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
Also Read: ഇടുക്കിയില്‍ തട്ടുകടയിലെ തർക്കത്തെ തുടര്‍ന്ന് വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
വെടിവെപ്പ് മദ്യലഹരിയില്‍: മൂലമറ്റത്തെ തട്ടുകടയിൽ എത്തിയ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ കടയിലുള്ളവരുമായി തര്‍ക്കിക്കുകയായിരുന്നു. മദ്യ ലഹിരിയിലായിരുന്ന ഇയാളെ നാട്ടുകാർ ഇടപെട്ട് തിരികെ വണ്ടിയിൽ കയറ്റി വിട്ടു. വീട്ടില്‍ പോയ ഫിലിപ്പ് കാറിൽ വീണ്ടും തിരികെയെത്തി.
തുടര്‍ന്ന കാറില്‍ സൂക്ഷിച്ച തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെപ്പ്. എന്നാല്‍ ഇവിടെ ആളപായമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
പ്രദീപിനെ വെടിവച്ചത് പ്രകോപനമില്ലാതെ: നാട്ടുകാര്‍ പ്രകോപിതരായതോടെ മാര്‍ട്ടിന്‍ കാറുമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. പിന്‍തുടര്‍ന്നെത്തിയ നാട്ടുകാര്‍ക്ക് നേരെ ഈയാള്‍ ഹൈസ്കൂൾ ജങ്ഷനില്‍ വച്ച് വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഇതുവഴി സ്കൂട്ടറില്‍ വരികയായിരുന്നു പ്രദീപിനും സനൽ സാബുവിനും വെടിയേറ്റത്.
സനല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ബസിലെ ജീവനക്കാരായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇരുവര്‍ക്കും നേരെ മാര്‍ട്ടിന്‍ നിറയൊഴിച്ചത്.