ഇടുക്കി: ഇംഗ്ലീഷ് ബിരുദം മൂന്നാം സെമസ്റ്ററിലെ ഇംഗ്ലിഷ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങി ഇടുക്കി ശാന്തൻപാറ ഗവ.കോളജിലെ വിദ്യാർഥികളും കോളജ് സംരക്ഷണ സമിതിയും. ചോദ്യപേപ്പർ ചോർത്തി നൽകിയ പ്രിൻസിപ്പാളിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംരക്ഷണ സമിതി പോസ്റ്റർ പതിച്ചു. എം.ജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജിലെ വിദ്യാർഥികൾ ഇത് സംബന്ധിച്ച് ഗവർണർക്കും വൈസ് ചാൻസലർക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകും. ആരോപണത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകരും രംഗത്തെത്തി. രാത്രിയെ പകലാക്കി പഠിക്കുന്ന വിദ്യാർഥികളുടെ അധ്വാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇടതുപക്ഷ സംഘടനയിൽപ്പെട്ട അധ്യാപകർ എസ്എഫ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ പറഞ്ഞു.
ഇരുപത്തിമൂന്നിന് ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്നര മണിക്കൂർ മുൻപ് ഇതേ കോളജിലെ ചില വിദ്യാർഥികൾക്ക് ചോർന്ന് കിട്ടിയെന്നാണ് ആരോപണം. ചോദ്യ പേപ്പർ ലഭിച്ച വിദ്യാർഥികൾ ഇക്കാര്യം സുഹൃത്തുക്കളോട് സംസാരിക്കുന്ന ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് പരീക്ഷ നടത്തിയതെന്നും പ്രിൻസിപ്പാള്‍ ഇൻ ചാർജ് ജോബിൻ സഹദേവൻ പറഞ്ഞു. പരീക്ഷ നടക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് കോളജുകളിൽ പരീക്ഷ ചുമതലയുള്ള അധ്യാപകന് ചോദ്യപേപ്പർ സർവകലാശാലയിൽ നിന്ന് ഇ മെയില്‍ ചെയ്യുന്നത്. മറ്റ് ഏതെങ്കിലും കോളജിൽ നിന്ന് ചോദ്യപേപ്പർ ചോർന്നതാണോയെന്നും സംശയമുണ്ട്.