ഇടുക്കി: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത് വ്യത്യസ്തമായ രീതിയിൽ ആഘോഷമാക്കിയിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടത്തെ ഒരു കൂട്ടം പാർട്ടി പ്രവർത്തകർ. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടത്തിയ മരച്ചീനി കൃഷി വിളവെടുത്ത് കൊവിഡ് രോഗികളുടെ കുടുംബങ്ങളിലെത്തിച്ച് നൽകിയാണ് ഇവർ സന്തോഷം പങ്കുവെച്ചത്. ഇടുക്കി ജില്ലയില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎംമണിയുടെ മണ്ഡലമായ ഉടുമ്പൻചോലയുടെ ആസ്ഥാനമാണ് നെടുങ്കണ്ടം. അധികാരമേൽക്കുന്നത് ചെറിയ രീതിയിലെങ്കിലും സംഭവം ആഘോഷമാക്കാന്‍ പാർട്ടിപ്രവർത്തകർ മുന്നേ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ നെടുങ്കണ്ടം കണ്ടൈന്‍മെൻ്റ് സോണായി മാറി. ഇതോടെയാണ് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ പാർട്ടി പ്രവർത്തകർ തീരുമാനിച്ചത്.
Also Read: ലോക്ക്‌ഡൗൺ; സംസ്ഥാനത്ത് ചില മേഖലകൾക്ക് കൂടി ഇളവ് നൽകി സർക്കാർ
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കിയ മരച്ചീനി കൃഷി ഇന്ന് രാവിലെ വിളവെടുത്തു. ഒരേക്കർ സ്ഥലത്തായിരുന്നു കൃഷി ഇറക്കിയത്. വിളവെടുപ്പില്‍ 10 ക്വിന്‍റലിലധികം മരച്ചീനി ലഭിച്ചു. ഇത് പൂർണമായും മേഖലയിലെ കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് കിറ്റുകളായി നൽകി.
മരച്ചീനിക്ക് പുറമേ പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകളും വീടുകളിൽ എത്തിച്ചു നൽകിയാണ് സന്തോഷം പങ്കിട്ടത്. ചില പ്രവർത്തകർക്ക് എംഎം മണി മന്ത്രിയാവാത്തതിൻ്റെ നിരാശ ഉണ്ടെങ്കിലും രണ്ടാം പിണറായി സർക്കാർ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ മേഖലയിൽ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും നാട്ടുകാരും.