ഇടുക്കി: 'ഞങ്ങളുടെ കുട്ടികൾക്കും പഠിക്കണമെന്ന് ആഗ്രഹമുണ്ട്… പഠനം മുടങ്ങിയിട്ട് രണ്ടാഴ്‌ചയായി', ഇടുക്കിയിലെ ആദിവാസി ഊരിലെ ഒരു രക്ഷിതാവിന്‍റെ വാക്കുകളാണിത്. ആദിവാസി വിദ്യാര്‍ഥികളുടെ യാത്രാദുരിതം പരിഹരിക്കാനും പഠന നിലവാരം ഉയർത്താനും നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതി താളം തെറ്റിയതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. യാത്രാസൗകര്യം തീരെയില്ലാത്ത വനത്തിലെ ഊരുകളിൽ നിന്ന് കുട്ടികളെ വാഹനത്തിൽ സ്‌കൂളിലെത്തിക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി.
പദ്ധതി താളംതെറ്റിയതോടെ ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ 35ഓളം കുട്ടികളുടെ പഠനമാണ് മുടങ്ങിയത്. മാങ്കുളം പഞ്ചായത്തിലെ മൂന്ന് ഊരുകളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ആനക്കുളം സെന്‍റ് ജോസഫ് എല്‍പി സ്‌കൂൾ. എന്നാൽ രണ്ടാഴ്‌ചയായി കുട്ടികൾ സ്‌കൂളിലെത്തിയിട്ട്.
മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറക്കുടി, ശേവല്‍കുടി, കോഴിയിളക്കുടി ആദിവാസി ഊരുകളിലെ കുട്ടികളാണ് സ്‌കൂളിലെത്താനാകാതെ വീടുകളിൽ കഴിയുന്നത്. ഗോത്രസാരഥി പദ്ധതിയിലൂടെ ക്രമീകരിച്ചിരുന്ന മൂന്ന് വാഹനങ്ങളില്‍ വിദ്യാലയത്തിലെത്തിയായിരുന്നു ഇവര്‍ പഠനം നടത്തിയിരുന്നത്. വനത്തിലെ ദുര്‍ഘട പാതയിലൂടെ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കുന്ന വാഹന ഉടമകൾക്ക് പണം ലഭിക്കാതായതോടെയാണ് പദ്ധതി നിലച്ചത്.
കുടിശിക ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി 1,35,000 രൂപ ലഭിക്കാനുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം. കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ള വനപാതയിലൂടെ നടന്ന് കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തുക സുരക്ഷിതമല്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് കുട്ടികളുടെ പഠനം തുടരാനുള്ള നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.