ഇടുക്കി: വിഷു പുലരിയെത്തും മുൻപ് തന്നെ കാഴ്‌ചയുടെ വസന്തമൊരുക്കി ഹൈറേഞ്ചിന്‍റെ മലനിരകളിൽ പൂത്തുലഞ്ഞു നിൽക്കുകയാണ് പൊന്നിൻ നിറമുള്ള കണിക്കൊന്നകൾ. മേടപ്പുലരിയുടെ കടന്നു വരവിനെയാണ് പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ കണിക്കൊന്നകള്‍ സൂചിപ്പിക്കുന്നത്.
വിഷു തൊട്ട് വിഷു വരെയുള്ള ഒരാണ്ടില്‍ ഐശ്വര്യവും സമ്പദ്‌സമൃദിയും നിറഞ്ഞ മലയാളിയുടെ ഒരു വർഷത്തെ നല്ലനാളുകളുടെ തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും ഒരുക്കുന്ന വിഷുക്കണി. വിഷുക്കണിയിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കൊന്നപ്പൂവ്. കാർഷിക വിളകൾ, നാണയങ്ങൾ, വസ്‌ത്രം തുടങ്ങിയവയ്‌ക്കൊപ്പം കൊന്നപ്പൂവ് കൂടിയുണ്ടെങ്കിൽ മാത്രമേ മലയാളിയുടെ വിഷുക്കണി പൂര്‍ണമകുകയുള്ളൂ. വിഷുവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.
എന്നാൽ ഐതിഹ്യത്തിനപ്പുറം കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന പ്രകൃതിയുടെ അസന്തുലിതാവസ്ഥയെയും ചൂണ്ടി കാണിക്കുന്നു. വേനൽ ചൂടിന്‍റെ കാഠിന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കണിയും കൈനീട്ടവുമെല്ലാമായി വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ വര്‍ണ്ണ ശബളമായ പൂക്കാലമൊരുക്കുകയാണ് മഞ്ഞയില്‍ അഴകുവിരിയിക്കുന്ന കണിക്കൊന്ന.