ഇടുക്കി: വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കഞ്ചാവ് കൃഷി (ganja) നടത്തിയ അന്യസംസ്ഥാന തൊഴിലാളി (guest worker) അറസ്‌റ്റില്‍. ഇടുക്കി എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് (Idukki excise intelligence bureau) ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ജാർഖണ്ഡ് ലാൽമാട്ടിയ സ്വദേശി മാസ്‌റ്റർ കിസ്‌കുവാണ് അറസ്‌റ്റിലായത്.
ഇരട്ടയാർ നത്തുകല്ലില്‍ വീടിനോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലാണ് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കുറുമണ്ണിൽ സാലുവെന്ന തോമസ് വർഗീസിന്‍റെ പുരയിടത്തിലായിരുന്നു ചെടികൾ വളര്‍ത്തിയത്. തോമസ് വര്‍ഗീസിന്‍റെ തൊഴിലാളിയാണ് കിസ്‌കു.
തോമസാണ് കഞ്ചാവ് തൈകൾ നൽകി പുരയിടത്തിൽ നട്ടുപരിപാലിക്കാൻ നിർദേശിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി. 52 മുതൽ 102 സെന്‍റീമീറ്റർ വരെ ഉയരമുള്ള കഞ്ചാവ് ചെടികൾക്ക് ഒന്നരമാസത്തിലേറെ വളർച്ചയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ലഹരി മരുന്ന് കേസ്, ടാന്‍സാനിയ പൗരന് ശിക്ഷ വിധിച്ച് കോടതി (drug case Tanzania citizen arrested): ലഹരിമരുന്ന് കടത്തുകേസിൽ അറസ്‌റ്റിലായ ടാൻസാനിയൻ പൗരന് കോടതി പത്തുവർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടാൻസാനിയൻ പൗരനായ അഷറഫ് എം ടെറോസാഫിയെയാണ് കോടതി ശിക്ഷിച്ചത്.
എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 21(സി), സെക്ഷൻ 23 എന്നിവ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സെഷൻസ് കോടതി കേസിൽ വിചാരണ പൂർത്തിയാക്കി അഷറഫ് എം ടെറോസാഫി കുറ്റക്കാരനാണന്ന് കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് 2021 ജൂലായ് 12ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസാണ് (ഡിആർഐ) ടാൻസാനിയൻ പൗരനെ പിടികൂടിയത്.
ആഫ്രിക്കൻ രാജ്യമായ സാൻ സിബാറിൽ നിന്ന് ദുബായിലേക്കുള്ള യാത്രാമധ്യേയാണ് ഇയാൾ കൊച്ചിയിലെത്തിയത്. പ്രതിയിൽ നിന്ന് 4346 ഗ്രാം ഹെറോയിനാണ് പിടി കൂടിയത്. ട്രോളി ബാഗിന്‍റെ അടിഭാഗത്ത് അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
ഇയാളുടെ യാത്രരേഖകൾ വ്യാജാമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) സെഷൻസ് കോടതിയിൽ 2021 ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അറസ്‌റ്റിലായ ഇയാൾ വിയ്യൂർ ജയിലിലായിരുന്നു ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിഞ്ഞത്.
പത്ത് വർഷത്തെ ശിക്ഷ വിധി പ്രഖാപിച്ചതിനെ തുടർന്ന് ടാൻസാനിയൻ പൗരനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സലീഷ് അരവിന്ദാക്ഷനാണ് ഹാജരായത്. ഈയടുത്ത കാലത്തായി മയക്കുമരുന്നു കേസിൽ നിരവധി വിദേശികളെയാണ് പൊലീസ് ഉൾപ്പെടെ കൊച്ചിയിൽ നിന്നും പിടികൂടിയത്. വിമാനത്താവളം വഴി മയക്കു മരുന്ന് കടത്താൻ ശ്രമിച്ച വിദേശികളും പിടിയിലായവരിൽ ഉൾപ്പെട്ടിരുന്നു.
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണവേട്ട (gold smuggling in Nedumbassery): നെടുമ്പാശ്ശേരി വിമനാത്താവളം വഴി കടത്താൻ ശ്രമിച്ച 1.28 കോടിയുടെ സ്വർണം കഴിഞ്ഞ ദിവസം കസ്‌റ്റംസ് പിടികൂടിയിരുന്നു. വത്യസ്‌ത വിമാനങ്ങളിലെ യാത്രക്കാരായ മൂന്ന് പേരെയാണ് പിടികൂടിയത്. കാസർകോട് സ്വദേശി അഷറഫിനെ വിമാനത്തിനകത്തുവച്ച് സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കവെയാണ് വിമാനത്തിലെ ജീവനക്കാർ കൈയോടെ പിടികൂടിയത്.
കൊച്ചിയിൽനിന്ന് ഇൻഡിഗോയുടെ ഹൈദരാബാദ് വിമാനത്തിൽ കയറിയ ഇയാൾ ഒരു പ്രത്യേക സീറ്റ് ചോദിച്ചുവാങ്ങി ഇരിക്കുകയായിരുന്നു. നേരത്തെ തന്നെ മറ്റാരെങ്കിലു ഈ സീറ്റിൽ സ്വർണം ഒളിപ്പിച്ചോയെന്നും കസ്‌റ്റംസ് പരിശോധിച്ചു വരികയാണ്. ഇയാളിൽ നിന്ന് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്.
ദുബായിയിൽ നിന്നു വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്ന് 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു. മലേഷ്യയിൽ നിന്നു വന്ന കോഴിക്കോട് സ്വദേശി ഹുസൈനിൽ നിന്ന് 54 ലക്ഷം രൂപ വില വരുന്ന 1051 ഗ്രാം സ്വർണവും ഡിആർഐ പിടികൂടി.