ഇടുക്കി: അടിമാലിയില്‍ കഞ്ചാവും മദ്യവും പിടികൂടി. ഒരു കിലോ 100 ഗ്രാം കഞ്ചാവും ഒമ്പത് ലിറ്റര്‍ മദ്യവുമാണ് പിടികൂടിയത്. പ്രതി അടിമാലി കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശി മനു മണിക്കായി നാര്‍കോട്ടിക് സംഘം അന്വേഷണം ആരംഭിച്ചു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവും മദ്യവുമാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പ്രതി വാടകക്ക് താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിലായിരുന്നു കഞ്ചാവും മദ്യവും സൂക്ഷിച്ചിരുന്നത്.
ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അടിമാലി നാര്‍കോട്ടിക് സംഘം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലായിരുന്നു കഞ്ചാവും മദ്യവും പിടിച്ചെടുത്തത്. പ്രതിയായ മനു തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സംഘം രാത്രിയില്‍ സ്ഥലത്തെത്തി വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഉണക്കിയ കഞ്ചാവും മദ്യവും കണ്ടെടുക്കുകയായിരുന്നു. പ്രതിയായ മനുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ പ്രസാദ് പറഞ്ഞു.
മെന്‍സ് ചോയിസ് എന്ന ലേബല്‍ പതിച്ച അര ലിറ്ററിന്‍റെ 18 കുപ്പികളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ച് വച്ചിരുന്നത്. പ്രതി മുമ്പും അബ്‌കാരി കേസിലടക്കം ഉള്‍പ്പെട്ടിട്ടുള്ളതായാണ് നാര്‍കോട്ടിക് സംഘം നല്‍കുന്ന വിവരം.