ഇടുക്കി: ശാന്തൻപാറ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനം വിവിധ പരിശീലന പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ അന്താരാഷ്ട്ര- ദേശീയ തലങ്ങളിൽ എത്തിക്കുക എന്ന ആശയത്തിലൂന്നി കെവികെയിലും വിവിധ സ്ഥലങ്ങളിലുമായാണ് പരിപാടികൾ നടത്തിയത്. കെവികെയിൽ നടന്ന സമാപന സമ്മേളനത്തിൽ 46 കർഷകർ പങ്കെടുത്തു. യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകത, ചെടികളും മരങ്ങളും സംരക്ഷിക്കുക, കൃഷിയുടെ അനിവാര്യത, ജൈവ കൃഷി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
രാജകുമാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലും ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ 12 വർഷമായി വിപുലമായ തോതിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്ന യൂണിറ്റ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ദിനാചാരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇക്കുറിയും നടക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
രാജകുമാരി നോർത്തിലെ മാതൃക ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ ശുചീകരണ പ്രവർത്തനം നടത്തി. വരും ദിവസങ്ങളിൽ സ്കൂളും പരിസരത്തെ അംഗനവാടികളും ശുചീകരിക്കും. കഴിഞ്ഞ വർഷം ഗാന്ധി ജയന്തിയുടെ ഭാഗമായി 100 വിദ്യാർഥികൾ അടിമാലിയിൽ നിന്നും കൊച്ചിയിലേക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തികൊണ്ട് കാൽ നടപ്രചാരണയാത്ര നടത്തുകയുണ്ടായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിഎം റീന നേതൃത്വം നൽകി.
ഗാന്ധിജയന്തി ദിനത്തില്‍ സ്ക്കൂള് പരിസരം വ്യത്തിയാക്കി ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സേനാപതി അരിവിളം ചാല് ട്രൈബല്‍ സ്കൂളിലാണ് ഡിസിസി അംഗം ജെയിംസ് തെങ്ങുംകുടിയുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനം നടത്തിയത്. അരി വിളംചാല് ട്രൈബല്‍ സ്ക്കൂള് പരിസരത്തെ കാടുകള്‍ വെട്ടി നീക്കിയ ശേഷം പൂന്തോട്ടങ്ങള്‍ മോടി പിടിപ്പിച്ചു. ഡിസിസി അംഗവും സേനാപതി സഹകരണ ബാങ്ക് പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം നിര്‍വഹിച്ചു.