ഇടുക്കി : കാത്തിരിപ്പിനൊടുവിൽ വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്‌നങ്ങൾക്ക് ചിറകുമുളയ്ക്കുകയാണ്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്‌ഡബ്ല്യു 80 എന്ന ചെറുവിമാനം വിജയകരമായി ലാൻഡ് ചെയ്‌തതിന് പിന്നാലെ എയർസ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങൾ അനുവദിച്ചു. പരീക്ഷണ പറക്കൽ സംബന്ധിച്ച് പൈലറ്റുമാർ സർക്കാരിന് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള ജോലികൾകൂടി അടിയന്തരമായി പൂർത്തീകരിച്ചാൽ മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ് വിഭാഗത്തിൽപ്പെട്ട നാല് വിമാനവും എയർസ്ട്രിപ്പിലേക്ക് കൈമാറും.
എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ചതാണ് സത്രം എയർസ്ട്രിപ്പ്. റൺവേയിൽ പരീക്ഷണ പറക്കൽ വിജയമായതോടെ അധികം താമസിയാതെ ഇവിടെനിന്നും എൻസിസി കുട്ടികൾക്ക് പരിശീലനം നൽകിത്തുടങ്ങും. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടാകുന്ന ജില്ല ആയതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം ത്വരിതഗതിയിലാക്കാൻ ദുരന്ത നിവാരണ സെന്‍റർ എന്ന നിലയിൽകൂടി സത്രം എയർസ്ട്രിപ്പിനെ ഉയർത്തണമെന്നും കാട്ടുതീ അണയ്ക്കാൻ ഹെലികോപ്റ്റർ സംവിധാനം ഇവിടെ സജ്ജമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.
ശബരിമലയിലേക്ക് എയർസ്ട്രിപ്പിൽ നിന്ന് അധികം ദൂരമില്ലാത്തതിനാൽ തീർഥാടന ടൂറിസം പദ്ധതിക്ക് ഊന്നൽ നൽകി സൗകര്യങ്ങൾ ഒരുക്കിയാൽ നാടിന്‍റെ മുഖച്ഛായ മാറ്റാനാകുമെന്ന് സ്ഥലം എംഎൽഎ എന്ന നിലയിൽ സർക്കാരിന് മുന്നിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 കോടി രൂപയോളം എയർസ്ട്രിപ്പിനായി സർക്കാർ ചെലവഴിച്ചു. എയർസ്ട്രിപ്പിന്‍റെ 97 ശതമാനത്തിലേറെ പ്രവൃത്തികളും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കൽ, ഷോൾഡർ വികസിപ്പിക്കൽ തുടങ്ങിയ ജോലികളാണ് ഇനി അവശേഷിക്കുന്നത്. എയർസ്ട്രിപ്പിന് തൊട്ടടുത്തുള്ള പഴയ സ്‌കൂൾ കെട്ടിടം വാടകയ്ക്ക് എടുത്ത് നവീകരിച്ച് കുട്ടികൾക്കും ജീവനക്കാർക്കും താമസ സൗകര്യം ഒരുക്കുമെന്നും ഇത് പൂർത്തിയായാൽ പരിശീലനം ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.