ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസില്‍ ഗുണ്ടാ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രാജന്‍, ആന്‍റണി, മുത്തുകുമാര്‍, വിജയ് എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചിന്നക്കനാല്‍ വിലക്കിലെ അനധികൃത നിര്‍മാണം റവന്യൂ വകുപ്പ് പൊളിച്ച് നീക്കിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പഞ്ചായത്ത് സെക്രട്ടറി രഞ്ജന്‍ ആരോപിച്ചു. കെട്ടിടത്തിന്‍റെ നിര്‍മാണം നടത്തുന്ന കരാറുകാരനും സംഘവുമാണ് ആക്രമിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അഞ്ചംഗ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് ആക്രമിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘം ഓഫീസിന്‍റെ വാതിലുകളും ജനലുകളും അടിച്ചു തകര്‍ത്തു. ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.