ഇടുക്കി: അരിക്കൊമ്പനെ പൂട്ടാൻ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലില്‍ എത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വയനാട്ടില്‍ നിന്നും സൂര്യൻ എന്ന കുങ്കിയാനയാണ് എത്തിയത്. മിഷൻ അരിക്കൊമ്പന്‍റെ ഭാഗമായി തിങ്കളാഴ്ചയാണ് ആദ്യ കുങ്കിയാന, വിക്രത്തിനെ കൊണ്ടുവന്നത്.
നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യൻ. ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി സ്വൈര്യ വിഹാരം നടത്തുകയും വീടുകള്‍ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ പൂട്ടാന്‍ സര്‍വസന്നാഹവും ഒരുക്കിയാണ് വനം വകുപ്പ് തയ്യാറെടുക്കുന്നത്. കുങ്കിയാനകളെ എത്തിച്ച് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി രണ്ട് കുങ്കിയാനകളെ കൂടി ഉടൻ എത്തിക്കും.
കുഞ്ചു, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. മാര്‍ച്ച് 25ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് നീക്കം. 71 പേരാണ് ദൗത്യസംഘത്തിൽ ഉള്ളത് 11 ടീമുകളായിട്ടാണ് ദൗത്യം നടപ്പിലാക്കുക. ദൗത്യത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച കുങ്കിയാനകളെ ഉപയോഗിച്ചു മോക്ക് ഡ്രിൽ നടത്തും. ദൗത്യത്തിന് മുന്നോടിയായി ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജങ്ങളെ ബോധവത്കരിക്കാൻ യോഗം ചേരും.
അരിക്കൊമ്പന്‍റെ അതിക്രമങ്ങള്‍: ഇടുക്കിയില്‍ കാടുവിട്ട് നാട്ടിലിറങ്ങിയ ആനകള്‍ നിരവധിയാണ്. പടയപ്പ, ചക്കരക്കൊമ്പന്‍, മൊട്ടവാലന്‍, ഹോസ് കൊമ്പന്‍ തുടങ്ങിയ കാട്ടു കൊമ്പന്‍മാരെല്ലാം കാടിറങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തനാണ് അരിക്കൊമ്പന്‍.
ഒരല്‍പം പ്രശ്‌നക്കാരനാണ് അരിക്കൊമ്പന്‍. മോഷണമാണ് ഈ കാട്ടുകൊമ്പന്‍റെ പ്രധാന ഹോബി. കള്ള കൊമ്പന്‍ എന്നായിരുന്നു ആദ്യത്തെ പേര്. എന്നാല്‍ അരി മോഷണം പതിവായതോടെ അരിക്കൊമ്പന്‍ എന്ന പേര് വീണു.
Also Read: അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടും; ഉത്തരവിറക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
വീടുകള്‍, റേഷന്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അരിക്കൊമ്പന്‍റെ മോഷണങ്ങള്‍. റേഷന്‍ കട തകര്‍ത്ത് അരി അകത്താക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ പലതവണ വൈറലായിരുന്നു. അരിക്കൊമ്പന്‍റെ അക്രമം സഹിക്കവയ്യാതായതോടെ ആണ് പിടികൂടണം എന്ന ആവശ്യം ഉയര്‍ന്നത്.
പിടികൂടാന്‍ ഉത്തരവിട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍: നാല് കുങ്കിയാനകളെ എത്തിച്ച് അരിക്കൊമ്പനെ പൂട്ടാനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. മയക്കുവെടി വച്ച് പിടികൂടിയ ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റി പ്രദേശത്ത് നിന്ന് അരിക്കൊമ്പനെ നീക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.
സിനിമ സ്റ്റൈലില്‍ ആണ് അരിക്കൊമ്പനെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. കൊമ്പന്‍റെ വീക്‌നസ് തന്നെ മുതലെടുത്താണ് വനം വകുപ്പ് മുന്നോട്ട് പോകുന്നത്. റേഷന്‍ കടയുടെ സെറ്റ് ഇട്ട് അരിക്കൊമ്പനെ ആകര്‍ഷിച്ചാകും മയക്കുവെടി വയ്‌ക്കുക.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ സിങ് ഉത്തരവിട്ടതോടെയാണ് പിടികൂടാനുള്ള നീക്കള്‍ ആരംഭിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ്. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും അരിക്കൊമ്പനെ പിടികൂടാനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്‌തിരുന്നു.