ഇടുക്കി: അത്യാധുനിക സംവിധാനമുള്ള ഇടുക്കിയിലെ ആദ്യ ഫസ്റ്റ് റെസ്‌പോണ്‍സിബിള്‍ വെഹിക്കിള്‍ (എഫ്.ആർ.വി) ഇനി അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് സ്വന്തം. തൊടുപുഴയിലും മൂന്നാറിലും സമാനവാഹനങ്ങള്‍ ഉണ്ടെങ്കിലും പുതിയ എഫ്.ആർ.വിയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളില്ല. തകിട് പോലുള്ള വസ്തുക്കള്‍ ഒരേ സമയം അകത്തി മാറ്റുന്നതിനൊപ്പം മുറിച്ച് നീക്കാമെന്നതാണ് യൂണിറ്റിന്‍റെ പ്രത്യേകത. ഇതിനായി വേണ്ടുന്ന ഹൈഡ്രോളിക് കട്ടിംഗ് മെഷ്യനും ചെയിന്‍ സോയും വാഹനത്തിലുണ്ട്. പെട്രോള്‍ പോലുള്ള വസ്തുക്കളില്‍ നിന്നും തീപടര്‍ന്നാല്‍ വെള്ളത്തിന് പുറമെ ഫോമുപയോഗിച്ചും തീ അണക്കാന്‍ പുതിയ യൂണിറ്റ് സഹായകരമാകുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
400 ലിറ്റര്‍ ജലവും 50 ലിറ്റര്‍ ഫോമും പുതിയ യൂണിറ്റില്‍ സംഭരിക്കാനാകും. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ വാഹനത്തില്‍ വെള്ളം നിറക്കാനും സാധിക്കും. ഇടുങ്ങിയ വഴികളിലൂടെ ഫയര്‍ എഞ്ചിന്‍ എത്തും മുമ്പെ കുഞ്ഞന്‍ വാഹനമായ എഫ്.ആർ.വിക്ക് അവിടെയെത്തി രക്ഷാ പ്രവര്‍ത്തനത്തിന് തുടക്കമിടാമെന്നതാണ് മറ്റൊരു പ്രത്യേകത. ദേവികുളം എം.എൽ.എ എസ് രാജേന്ദ്രന്‍ പുതിയ എഫ്.ആര്‍.വി ഫ്‌ളാഗ് ഓഫ് ചെയ്തു. അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സേനാംഗങ്ങളും പൊതുപ്രവര്‍ത്തകരും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.