ഇടുക്കി : പാംബ്ല അണക്കെട്ടിന്‍റെ താഴ്ഭാഗത്ത് പുഴയില്‍ കുടുങ്ങിയ മൂന്നുപേരെ അഗ്‌നിരക്ഷാസേന കരയ്‌ക്കെത്തിച്ചു. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പന്‍, സതീശന്‍, ചന്ദ്രന്‍ എന്നിവരെയാണ് കോതമംഗലത്ത് നിന്നെത്തിയ അഗ്നി രക്ഷാ സംഘം രക്ഷപ്പെടുത്തിയത്. പുഴയിലെ പാറയില്‍ കുടില്‍കെട്ടി താമസിച്ച് മീന്‍ പിടിക്കുകയായിരുന്ന ഇവര്‍ അണക്കെട്ട് തുറന്ന് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ ഇവിടെ ഒറ്റപ്പെടുകയായിരുന്നു.
also read: പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍
പുഴയ്ക്ക് കുറുകെ വടം കെട്ടി ലൈഫ് ജാക്കറ്റുള്‍പ്പെടെ ഉപയോഗിച്ച് പാറയില്‍ എത്തിയാണ് അഗ്‌നി രക്ഷാ സംഘം ഇവരെ കരയ്‌ക്കെത്തിച്ചത്. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സജി മാത്യു, സീനിയര്‍ ഫയര്‍ ആന്‍റ് റെസ്‌ക്യു ഓഫീസര്‍ കെ.എസ്. എല്‍ദോസ്, ഫയര്‍ ഓഫിസര്‍മാരായ പി.എം റഷീദ്, സിദ്ദിഖ് ഇസ്മയില്‍, ബെന്നി മാത്യു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.