ഇടുക്കി : ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിച്ചതിനുശേഷം പണം നല്‍കാത്തത്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കാന്തല്ലൂരിലെ കര്‍ഷകരാണ് കഴിഞ്ഞ ഒന്നര വർഷമായി ഹോർട്ടികോർപ്പിന്റെ അവഗണനയിൽപ്പെട്ട് നട്ടം തിരിയുന്നത്. ഉത്പന്നങ്ങളുടെ പ്രതിഫലം ലഭിക്കാത്തത് തങ്ങളെ കടക്കെണിയിലാക്കുന്നുവെന്ന് കർഷകർ പറയുന്നു. കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ആര്‍ രാമനാഥന് മാത്രം ഹോര്‍ട്ടികോര്‍പ്പ് 64000 രൂപയും വി.എഫ്.പി.സി.കെ 42000 രൂപയും നൽകാനുണ്ട്. രാമനാഥനെ പോലെ നിരവധി കർഷകർ കാന്തല്ലൂരിൽ പണവും കാത്തിരിക്കുകയാണ്.
കഴിഞ്ഞ ഒന്നരവര്‍ഷമായി വരുത്തിയ കുടിശ്ശിക കഴിഞ്ഞ ജൂലൈ 31 നകം കൊടുത്ത് തീർക്കാൻ മന്ത്രിതല നിർദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ആകെ നൽകിയത് നാല് ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിച്ച വകയിൽ ആറ് ലക്ഷം രൂപയോളം കുടിശ്ശികയുണ്ട്. ഇവ രണ്ടും ചേർത്ത് 15 ലക്ഷം രൂപയോളമാണ് ഹോര്‍ട്ടികോര്‍പ് പ്രദേശത്തെ കര്‍ഷകര്‍ക്ക് കുടിശ്ശിക ഇനത്തിൽ നല്‍കുവാനുള്ളത്.