ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഏലം കൃഷിയ്ക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഏലം മേഖല നേരിടുന്നത്. തറവില നിശ്ചയിക്കല്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിയ്ക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്
ഒരു കിലോ ഏലക്കയ്ക്ക്, ഏകദേശം 1200 മുതല്‍ 1300 രൂപ വരെയാണ് ഉത്പാദന ചെലവ്. എന്നാല്‍, നിലവില്‍ 700 മുതല്‍ 900 രൂപ വരെയാണ് കിലോഗ്രാമിന് വില ലഭിയ്ക്കുന്നത്. വിലയിടിവിനൊപ്പം രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത വില വര്‍ധനവും കൂലി വര്‍ധനവും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു.
അവശ്യവളങ്ങളുടെ വില നിയന്ത്രണം, സബ്‌സിഡി, 1500 രൂപയെങ്കിലും തറവില, കൃഷി പുനരുദ്ധാരണത്തിനുള്ള പദ്ധതികള്‍ തുടങ്ങിയവ സംസ്ഥാന ബജറ്റില്‍ ഇടംപിടിയ്ക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. വന മേഖലയുടെ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക്, കാട്ടാന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ കടക്കുന്നത് തടയുന്നതിനും പദ്ധതി ഒരുക്കുമെന്നാണ് പ്രതീക്ഷ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്തില്‍ ഓരോ വര്‍ഷവും ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണ് ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ ഉണ്ടാവുന്നത്.