ഇടുക്കി: മഞ്ഞക്കുഴിയിലെ അഞ്ച് ഏക്കർ തരിശ് ഭൂമി നെൽപ്പാടമാക്കി രാജകുമാരി ദയ പാലിയേറ്റീവ് യൂണിറ്റും കർഷക സംഘവും. സംസ്ഥാന സർക്കാരിൻ്റെ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. രാജകുമാരി നോർത്ത് മഞ്ഞക്കുഴിയിൽ കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തരിശായി കിടന്നിരുന്ന ഭൂമി കൃഷിയോഗ്യമാക്കിയത്.
തൊഴിലാളി ക്ഷാമം നേരിടുന്ന നെൽകൃഷിക്ക് കൈത്താങ്ങായി രാജകുമാരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികളുമെത്തി. നെൽകൃഷി സംരക്ഷണം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് വിദ്യാർഥികൾ പറഞ്ഞു. രാജകുമാരി പഞ്ചായത്തംഗം പി. രവി ആദ്യ ഞാറ് നട്ട് കൃഷിക്ക് തുടക്കം കുറിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്‍റ് എ.പി രവീന്ദ്രൻ, അധ്യാപകരായ ബ്രിജേഷ് ബാല കൃഷ്‌ണൻ, സി.എം റീന, ദയ പാലിയേറ്റീവ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.