ഇടുക്കി: പകല്‍ വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തെ പുറത്താക്കാന്‍ ശ്രമം. നെടുങ്കണ്ടം കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ വാര്‍ഡ് മെമ്പറുമായ ജോയി കുന്നുവിളക്കെതിരെ പരാതിയുമായി അന്തേവാസികള്‍. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പകല്‍ വീട്ടിലെ അന്തേവാസികളായ ഷൈജി, ഭര്‍ത്താവ് മാര്‍ട്ടിന്‍, സമീപവാസികളായ മോഹിനി ചന്ദ്രന്‍, വിജയകുമാര്‍ എന്നിവരാണ് പരാതിയുമായി എത്തിയത്. ഷൈജിക്ക് സ്വന്തമായി അഞ്ച് സെന്‍റ് സ്ഥലവും അതിലൊരു ഷെഡും ഉണ്ടായിരുന്നു.
എന്നാല്‍ അടുത്തിടെയുണ്ടായ കനത്ത മഴയില്‍ ഷൈജിയും കുടുംബവും താമസിച്ചിരുന്ന ഷെഡ് തകര്‍ന്നു. ഇതേതുടര്‍ന്ന് വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ട് ഇവരെ പകല്‍ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ലൈഫ് മിഷന്‍ ഗുണഭോക്ത്യ പട്ടികയില്‍ ഇവര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട്. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മാറാനാണ് ഷൈജിയും കുടുംബവും തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിനിടെയാണ് ജോയി കുന്നുവിള ഷൈജിയെയും കുടുംബത്തെയും പകല്‍ വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയടക്കം പൊലീസിലും പരാതി നല്‍കിയത്. ഷൈജിക്കും കുടംബത്തിനും വാടക കൊടുത്ത് താമസിക്കാന്‍ ശേഷിയുണ്ടെന്ന് പറഞ്ഞാണ് ജോയി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈജിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഒരു മാസത്തിനകം പകല്‍ വീട്ടില്‍ നിന്ന് താമസം മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് കുടുംബം.