ഇടുക്കി : ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. നേരത്തെ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയുടെ മുകളില്‍ അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂര്‍ ഗവണ്‍മെന്‍റ് ന്യൂ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Also Read കുടയത്തൂർ ഉരുൾപൊട്ടൽ : മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിച്ച് നാട്
നെല്ലിക്കുന്നേല്‍ മനോജ്, പേര്പാറയില്‍ ലിനു, ചേലാട്ട് വിജയന്‍, വെളുത്തേടത്ത് പറമ്പില്‍ ത്രേസ്യാമ്മ, മാണിക്കത്താട്ട് ദേവകി ദാമോദരന്‍, തോട്ടുംകരയില്‍ സലിം, ചിറ്റടിച്ചാലില്‍ രാജേഷ്, പാമ്പനാചാലില്‍ മനോജ്, പാമ്പനാചാലില്‍ ഗോപാലന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇവര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കില്‍ അപകട സ്ഥലത്തിന് സമീപത്തെ കോളനിയില്‍ താമസിക്കുന്നവരേയും ഇവിടേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.