ഇടുക്കി: ക്യാമ്പിൽ നിന്നും തിരികെ പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് തവളപ്പാറയിലെ കുടുംബങ്ങൾ. ഇപ്പോഴും കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പതിനാലു കുടുംബങ്ങളും കഴിയുന്നത്. കഴിഞ്ഞ എട്ടിനാണ് തവളപ്പാറയിൽ ഉരുൾപൊട്ടിയത്. ഒരു വീട് പൂർണമായും, ബാക്കി വീടുകൾക്ക് വിള്ളലും സംഭവിച്ചു.
2013 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടെ താമസിച്ചിരുന്ന ഗീതാ കാട്ടുവറ്റത്തിന്റെ വീട് തകർന്നിരുന്നു. നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും ഇതുവരെ സർക്കാർ സഹായം ലഭിച്ചില്ല. ഈ കുടുംബങ്ങൾക്ക് തിരികെ പോകാൻ സാധിക്കാത്തതിനാൽ തടിയമ്പാടിലെ ക്യാമ്പിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ സർക്കാർ സഹായം ലഭിക്കാതെ ഇവിടെ നിന്ന് പോകില്ലെന്നാണ് ഇവരുടെ നിലപാട്.