ഇടുക്കി: ചിന്നക്കനാലില്‍ കൈയേറ്റം ഒഴുപ്പിച്ച് തിരികെ പിടിച്ച സര്‍ക്കാര്‍ ഭൂമിയിൽ ലോവര്‍ പെരിയാരിൽ നിന്നും കുടിയിറക്കിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കും. 1971ല്‍ ലോവര്‍ പെരിയാറില്‍ നിന്നും കുടിയൊഴിപ്പിച്ച 72 കുടുംബങ്ങള്‍ക്കാണ് അരനൂറ്റാണ്ടിന് ശേഷം പുനരധിവാസം സാധ്യമാകുന്നത്. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയില്‍ നിന്നും 1971ലാണ് 72 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. ഇതിന് ശേഷം ഇവരുടെ പുനരധിവാസം അനന്തമായി നീളുകയായിരുന്നു.
പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയിരുന്നു. ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 72 കുടുംബങ്ങള്‍ക്ക് പുനരധിവാസം സാധ്യമാകുന്നത്. ചിന്നക്കനാലില്‍ മൗണ്ട്ഫോര്‍ട്ട് സ്കൂളിന് സമീപത്തായി കൈയേറ്റം ഒഴിപ്പിച്ച് തിരിച്ച് പിടിച്ച 18.3 ഏക്കര്‍ ഭൂമിയില്‍ 15 സെന്‍റ് വീതം പതിച്ച് നല്‍കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും പൂര്‍ത്തിയാക്കി. വരുന്ന പട്ടയമേളയില്‍ 72 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും.
സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച ഭൂമിയില്‍ പ്ലോട്ടുകള്‍ തിരിച്ച് അടയാളപ്പെടുത്തി കഴിഞ്ഞു. പത്താം തീയതി ഓരോരുത്തരുടേയും പ്ലോട്ടുകള്‍ തീരുമാനിക്കും. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമായി അന്തിയുറങ്ങാന്‍ ഇടമുണ്ടാകുന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബങ്ങൾ.