ഇടുക്കി: നെടുങ്കണ്ടത്ത് വീണ്ടും വ്യാജമദ്യം പിടികൂടി. വട്ടപ്പാറ കാറ്റൂതിയിൽ നിന്നും 440 ലിറ്റർ കോടയാണ് ഇന്ന് പിടിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഈ മേഖലയിൽ നിന്നും വ്യാജമദ്യം പിടികൂടുന്നത്. നെടുങ്കണ്ടം എക്സൈസിൻ്റെയും ഉടുമ്പഞ്ചോല പൊലീസിന്റെയും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെയും സംയുക്ത പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ കോട കണ്ടെത്തിയത്. വട്ടപ്പാറ കാറ്റൂതി പുതുശ്ശേരിപ്പടിയ്ക്കൽ സജിനിയുടെ പണി തീരാത്ത വീടിൻ്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ബാരലുകളിലായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്.
കൂടുതല്‍ വായനയ്ക്ക്: ഇടുക്കി അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്
കഴിഞ്ഞ രണ്ട് മാസമായി വീടുപണികൾ നടക്കുന്നുണ്ടായിരുന്നില്ല. സമീപവാസികളായ ഏതാനും യുവാക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ ശാന്തൻപാറ വാക്കോട സിറ്റിയിൽ ചാരായം നിർമ്മിക്കുന്നതിനായി വീടിനുസമീപത്തെ ശുചി മുറിയിൽ തയ്യാറാക്കിവച്ചിരുന്ന 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യശാലകൾ അടഞ്ഞതിന് ശേഷം ഇതുവരെ നെടുങ്കണ്ടം സർക്കിളിൽ മാത്രം 2500 ലിറ്റർ കോടയാണ് പിടികൂടിയത്.