ഇടുക്കി: ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കൽ തുടരുകയാണ് റവന്യൂ വകുപ്പ്. എന്നാൽ കയ്യേറ്റ ഭൂമിയാണെന്ന് അറിയാതെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്‌ത കര്‍ഷകന്‍റെ ദുരിതമാണിത്. രാജാക്കാട് മുല്ലക്കാനം സ്വദേശി തെങ്ങനാട്ട് തോമസ് എന്ന കർഷകനാണ് കയ്യേറ്റക്കാരാൽ വഞ്ചിക്കപ്പെട്ടത്.
വലിയ പ്രതീക്ഷകളോടെ നാല് വര്‍ഷം മുമ്പാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ എൽസി മത്തായി കൈവശം വെച്ചിരുന്ന സ്ഥലം പാട്ടത്തിനെടുത്ത് തോമസ് കൃഷി ആരംഭിച്ചത്. പട്ടയം ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് കയ്യേറ്റക്കാര്‍ തോമസിന് സ്ഥലം പാട്ടത്തിന് നല്‍കിയത്. പ്രതിവര്‍ഷം രണ്ട് ലക്ഷത്തി പതിനയ്യായിരം രൂപ പാട്ടത്തിന് ഒൻപത് വർഷത്തേക്കാണ് സ്ഥലം എടുത്തത്.
ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും കടം വാങ്ങിയുമാണ് ഏലം നട്ട് പരിപാലിച്ചത്. ഏലക്കായുടെ വിലയിടിവും പ്രതിസന്ധികളും മറികടന്ന് ഈ വര്‍ഷം മുതല്‍ വരുമാനം ലഭിച്ച് തുടങ്ങിയിരുന്നു. ഇതിനിടെ റവന്യൂ വകുപ്പ് നിയമ നടപടി ആരംഭിച്ചതോടെ കോടതി ഉത്തരവുണ്ടെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.
കയ്യേറ്റ ഭൂമിയിലെ ഏല ചെടികള്‍ വെട്ടി നശിപ്പിച്ച് റവന്യൂ വകുപ്പ് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത് തോമസിന്‍റെ വർഷങ്ങളുടെ അധ്വാനവും മുമ്പോട്ടുള്ള ജീവിതവുമാണ്. എന്നാൽ ഇത്തരത്തിൽ കബളിപ്പിച്ച് റവന്യു ഭൂമി പാട്ടത്തിന് നൽകിയതിലൂടെ കൈയേറ്റക്കാർ നേടിയെടുത്തത് ലക്ഷങ്ങളാണ്.
നടപടി കടുപ്പിച്ച് റവന്യു വകുപ്പ്: അതേസമയം ചിന്നക്കനാലിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ നടപടികള്‍ കടുപ്പിക്കുമെന്ന റവന്യൂ വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും നിയമ നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായിട്ടാണ് റവന്യൂ വകുപ്പ് മുമ്പോട്ട് പോകുന്നത്.
മുമ്പ് കയ്യേറ്റത്തിനെതിരെ നടപടിയുമായിട്ടെത്തിയ റവന്യൂ വകുപ്പിനെതിരെ കയ്യേറ്റക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ രേഖകളുടെ വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും കോടതിക്ക് വ്യക്തമായി.
ഇതിന്‍റെ ഭാഗമായാണ് വിവിധ ഇടങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ഏതാനം ആഴ്‌ചകള്‍ക്ക് മുമ്പ് വെള്ളൂക്കുന്നേല്‍ കുടുംബം കയ്യേറി കൈവശപ്പെടുത്തിയ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പ് ഒഴുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ സംഘം ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി ഭൂമിയിലെ 14 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്.
വരും ദിവസങ്ങളിലും കയ്യേറ്റമൊഴുപ്പിക്കല്‍ നടപടിയുമായി മുമ്പോട്ട് പോകുമെന്നാണ് റവന്യു അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി കൈവശപ്പെടുത്തുകയും പിന്നീട് നിയമ നടപടികളുമായി റവന്യൂ വകുപ്പ് എത്തിയപ്പോള്‍ കോടതിയെ സമീപിക്കുകയും ചെയ്‌തിരിക്കുന്ന കേസുകളും നിരവധിയാണ്.
കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ രേഖകൾ കോടതിയെ ബോധ്യപ്പെടുത്തി നടപടികള്‍ വേഗത്തിലാക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.
ALSO READ: ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ 13 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ്