ഇടുക്കി: സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി മൂന്നാറിലെ ഗ്രാന്‍ഡിസ് തോട്ടം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാനനഭംഗി ആസ്വദിക്കാനായി മൂന്നാറിലെ കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്ക് സമീപമുള്ള ഗ്രാന്‍ഡിസ് തോട്ടത്തിലെത്തിയിരുന്നു. എന്നാല്‍ ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെഎസ്‌ആര്‍ടിസി വേലി കെട്ടി തിരിച്ചതോടെ ഗ്രാന്‍ഡിസ് തോട്ടത്തിലെത്താന്‍ വിനോദ സഞ്ചാരികള്‍ക്ക് കഴിയാതെയായി.
മാലിന്യം തള്ളി തള്ളി...: ദേശീയപാതയോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് പ്രവേശനം വിലക്കി വേലി സ്ഥാപിച്ചത്. വേലി കെട്ടി പ്രവേശനം നിഷേധിച്ചതിന് കാരണക്കാരായതും വിനോദ സഞ്ചാരികള്‍ തന്നെയാണ്. കാനന ഭംഗി ആസ്വദിക്കാനായി ഗ്രാന്‍ഡിസ് തോട്ടത്തിലെത്തുന്നവര്‍ ഭക്ഷണാവശിഷ്‌ടങ്ങളും പ്ലാസിറ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മേഖലയില്‍ ഉപേക്ഷിക്കുന്നത് പതിവായി. ഇത് ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ കാരണമാകുന്നുണ്ട്.
ഭക്ഷണ പാചകം ചെയ്യാനായി തീ കത്തിക്കുന്നതും വെല്ലുവിളിയാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഹിൽവ്യൂ പോയിൻ്റ് മുതൽ ഡിപ്പോ വരെയുള്ള ഭാഗം പൂർണമായി വേലികെട്ടി ഗെയിറ്റ് സ്ഥാപിച്ചത്. സര്‍ക്കാറില്‍ നിന്ന് പ്രവേശനത്തിന് ഉത്തരവ് ലഭിച്ചാല്‍ നിശ്ചിത ഫീസ് ഈടാക്കി സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.
വിനോദ സഞ്ചാരത്തിനായി വാഹനങ്ങളിലെത്തുന്നവര്‍ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും ഗ്രാന്‍ഡിസ് തോട്ടത്തിലായിരുന്നു. മാത്രമല്ല സിനിമ, സീരിയല്‍, വിവാഹ ഷൂട്ടിങ് എന്നിവയുടെ കേന്ദ്രമാണ് വേലി കെട്ടി അടച്ച ഈ തോട്ടം. മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്ന ഇടവും ഇതായിരുന്നു.