ഇടുക്കി : ചിന്നക്കനാലില്‍ ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. വൈദ്യുത പ്രവാഹമുള്ള കമ്പിയില്‍ തുമ്പിക്കൈകൊണ്ട് പിടിച്ചതാണ് അപകട കാരണം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചിന്നക്കനാല്‍ 301 കോളനിക്ക് സമീപം 45 വയസ് പ്രായമായ പിടിയാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.
കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് കൃഷിയിടത്തിലേയ്ക്ക് കാട്ടാനക്കൂട്ടം കടക്കാതിരിക്കുന്നതിന് നിരവധി ഇടങ്ങളില്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.
കോളനി നിവാസിയായ സുരേഷ് വൈദ്യുത ലൈനില്‍ നിന്നും സര്‍വീസ് വയര്‍ ഉപയോഗിച്ച് വൈദ്യുതി എടുത്ത് കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ക്കൂടി കടത്തിവിടുകയായിരുന്നു.
രാത്രിയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാന കമ്പിവേലിയില്‍ തുമ്പിക്കൈ ഉപയോഗിച്ച് പിടിക്കുകയായിരുന്നുവെന്ന് ദേവികുളം റെയ്ഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.
വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. നിഷ റെയിച്ചല്‍, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.
Read More: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞു
അതേസമയം, ഇലക്ട്രിക് പോസ്റ്റില്‍ നിന്നും കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ട സമീപവാസിയായ ആദിവാസി യുവാവ് പാൽക്കുളം കുടിയിൽ സുരേഷ് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഊര്‍ജിതമാക്കി.