ഇടുക്കി: കജനാപ്പാറ - മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാർ കാട്ടാനക്കൂട്ടം തകർത്തു.
ഷിജോയെ കൂടാതെ മുട്ടുകാട് തണ്ടേൽ ഡിബിൽ, മാതാവ് മേരി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. വീടിന് സമീപം വീണ് പരിക്കേറ്റ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയാക്രമണം ഉണ്ടായത്.
Also Read: 'ബാറുകള്‍ തുറന്നു, ആരാധാനാലയങ്ങള്‍ അടച്ചു... എന്താണ് യുക്തി? കെ. സുധാകരൻ ചോദിക്കുന്നു
കാട്ടാനകൾ റോഡിൻ്റെ ഇരു ഭാഗത്ത് നിന്നും കാറിന് നേരെ വരികയായിരുന്നു. മുൻ ഭാഗത്ത് കൂടി വന്ന കാട്ടാന കാറിൻ്റെ ബോണറ്റിൽ ചവിട്ടി. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നു പേരും റോഡിൽ 50 മീറ്റർ അകലെ വന്ന മറ്റൊരു വാഹനത്തിലേക്ക് ഓടി കയറി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരാഴ്‌ചയായി കജനാപ്പാറയിലെ ഏലത്തോട്ടങ്ങളിൽ ഏഴ് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ഈ ആനക്കൂട്ടമാണ് അരമനപ്പാറയിൽ കാറിന് നേരെ ആക്രമണം നടത്തിയതും.