ഇടുക്കി: മാങ്കുളത്ത് വീണ്ടും കാട്ടാന ശല്യം. പാമ്പുംകയം, കോഴിയിള, ആനക്കുളം തുടങ്ങിയ ഇടങ്ങളില്‍ കാട്ടാന വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നതായാണ് പരാതി. ജനവാസമേഖലകളില്‍ കാട്ടാന ഇറങ്ങുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാമ്പുകായത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ഇയാള്‍ അടിമാലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് പ്രത്യേക സഹാചര്യമായതിനാല്‍ ഇയാളെ ചികിത്സയ്ക്കായി വീട്ടിലേക്ക് മാറ്റി.
കാട്ടാന ആക്രമണത്തില്‍ കുന്നത്ത് ജോയി, കളത്തില്‍ അഭിലാഷ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു. തോട്ടമറ്റം സണ്ണി, സിബി കുഞ്ചിത്തണ്ണി എന്നിവരുടെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചു. ആനയെ ജനവാസമേഖലയില്‍ നിന്നും വനമേഖലയിലേക്ക് കയറ്റി വിടാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.