ഇടുക്കി: അവകാശ പോരാട്ടത്തില്‍ വിജയിച്ച അനഘ ബാബുവിനും അനുജത്തിക്കും ഇനി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകാം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ഇരുവര്‍ക്കും അവകാശപ്പെട്ട ലാപ്പ് ടോപ്പ് ലഭിച്ചു. ലാപ്പ് ടോപ്പിനായി ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചെത്തിയ വിദ്യാർഥിനിയെയും കുടുംബത്തെയും പഞ്ചായത്തംഗവും, പഞ്ചായത്ത് സെക്രട്ടറിയും അപമാനിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ മന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപിനു അപേക്ഷ നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമാകാതെ പഠനം പ്രതിസന്ധിയിലായ അനഘ ബാബുവിനും അനുജത്തി ആര്‍ദ്രക്കും സര്‍ക്കാര്‍ നടപടി ഏറെ സന്തോഷം പകരുന്നുണ്ട്.
ശ്രീശങ്കരാചാര്യ സർവ കലാശാലയിൽ പിജി വിദ്യാർത്ഥിനിയായ അനഘ ബാബുവും ഉന്നത പഠനം നടത്തുന്ന അനുജത്തി ആർദ്രബാബുവും രണ്ടു വർഷം മുമ്പാണ് ലാപ്ടോപ്പിനായി നെടുങ്കണ്ടം പഞ്ചായത്തിനെ സമീപിക്കുന്നത്. എന്നാല്‍ പ്രളയവും കൊവിഡും കാരണം ലാപ്ടോപ് നൽകാനാവില്ലന്നാണ് അധികൃതർ വിദ്യാർഥികള്‍ക്ക് നൽകിയ മറുപടി. സുഹൃത്തിൻ്റെ ലാപ് ടോപ് കടം വാങ്ങി പിജി പൂർത്തിയാക്കിയ അനഘ അവകാശം നേടിയെടുക്കുന്നതിനായ് ദിശയെന്ന സംഘടന മുഖേന ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് ആഴ്‌ചക്കുള്ളിൽ ലാപ് ടോപ് നൽകുവാൻ കോടതി ഉത്തരവിട്ടു. ഉത്തരവിന്‍റെ പകർപ്പുമായി പഞ്ചായത്തിലെത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു.
തുടർന്ന് അനഘ സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പ് വൈറലായിരുന്നു. മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്‌തതോടെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ഓഫീസ് ഇടപെട്ട് ലാപ്ടോപ്പ് എത്തിച്ച് നല്‍കുകയായിരുന്നു. ആർദ്രാ ബാബുവിനാണ് ഇപ്പോൾ ലാപ് ലഭിച്ചത്. കോടതി വിധിയനുസരിച്ച് രണ്ടുപേർക്കും ലാപ് ടോപ്പ് ലഭിക്കുവാൻ അഞ്ച് ആഴ്‌ച സമയമുണ്ടെന്നും അവകാശ പോരാട്ടത്തിൽ പാതി വിജയം നേടിയെന്നും വിദ്യാർഥിനികള്‍ പറഞ്ഞു. അതേസമയം പഞ്ചായത്തിന് വീഴ്‌ച പറ്റിയിട്ടില്ലന്നും ലാപ് ടോപ് നൽകാനായി കെൽട്രോണിൽ മാർച്ച് 15നു പണമടച്ചിരുന്നതാണന്നും നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.