ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെട്ട് ഇടമലക്കുടി നിവാസികള്‍. പനി ബാധിച്ച ഇടമലക്കുടി ആണ്ടവന്‍കുടിയിലെ നടരാജനെ 25 കിലോമീറ്റര്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. മരകൊമ്പിന്‍റെ നടുഭാഗത്ത് തുണികെട്ടി രോഗിയെ അതില്‍ കിടത്തി. തുടര്‍ന്ന് 50ഓളം ആളുകള്‍ മാറി മാറി ചുമന്നാണ് നടരാജനെ ആശുപത്രിയിലെത്തിച്ചത്.
കാട്ടുമൃഗങ്ങള്‍ തമ്പടിക്കുന്ന വഴിയിലൂടെയായിരുന്നു യാത്ര. ആഗസ്റ്റ് എട്ടിനുണ്ടായ കനത്തമഴയെ തുടര്‍ന്ന് ഇടമലക്കുടിയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ വിരിപ്പുകാട് ഭാഗത്ത് റോഡ് ഒലിച്ചുപോയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇടമലക്കുടി ഒറ്റപ്പെട്ടത്. പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഇടമലക്കുടി പഞ്ചായത്തംഗമായ ഷണ്‍മുഖന്‍ ആവശ്യപ്പെട്ടു.