ഇടുക്കി: യുഡിഎഫുകാർ അന്നം മുടക്കികളാണെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ നെടുങ്കണ്ടത്ത് കഞ്ഞിവെച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷു, ഈസ്റ്റര്‍ കിറ്റ് മുടക്കിയതായി പ്രവർത്തകർ പ്രതികരിച്ചു. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനമാണ് തടഞ്ഞത്. എല്ലാ വിശേഷ ദിവസങ്ങളിലും സര്‍ക്കാര്‍ നടത്തിവരുന്ന റേഷന്‍ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. പ്രതിപക്ഷ നേതാവും യുഡിഎഫും തെരഞ്ഞെടുപ്പിന്‍റെ മറവില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്‍റെ തീരുമാനം തടസപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണിത്. സര്‍ക്കാരിന്‍റെ മുഴുവൻ ജനക്ഷേമ പദ്ധതികളേയും തെരഞ്ഞെടുപ്പിനെ മറയാക്കി എതിർക്കുകയാണ് പ്രതിപക്ഷമെന്നും നേതാക്കൾ പറഞ്ഞു.