ഇടുക്കി: ഇടുക്കിയുടെ ഉള്‍നാടന്‍ ഗ്രാമീണ കാഴ്ചകളിലേക്ക് സഞ്ചാരികളെ ആകർഷിക്കാന്‍ നൂതന പദ്ധതികളുമായി ഡിടിപിസി (ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ). പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി അനുയോജ്യമായ പദ്ധതികളൊരുക്കാനാണ് ഡിടിപിസി ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായി ഇടുക്കിയിലെ വിവിധ ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കുന്നത്. നെടുങ്കണ്ടത്തെ തൂവല്‍ വെള്ളചാട്ടം, രാജാക്കാടിലെ കള്ളിമാലി, കുമളിയിലെ ഉറുമ്പിക്കര എന്നീ സ്ഥലങ്ങളുടെ വികസനത്തിന് അനുയോജ്യമായ പദ്ധതികളും ഉടന്‍ തയ്യാറാക്കും.
എന്നാൽ സ്ഥല പരിമിതി ടൂറിസം വികസനത്തിന് വിലങ്ങ് തടിയാകുന്നുവെന്ന് ഡിടിപിസി അധികൃതര്‍ പറഞ്ഞു. അതേസമയം, വനം വകുപ്പിന്‍റെ നടപടികള്‍ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.