ഇടുക്കി: യൂട്യൂബ് അറിവുമായി ഡ്രോണിന്‍റെ മാതൃക നിർമിച്ച് വിസ്മയം തീർത്ത് ഒരു വിദ്യാർഥി. ഉപ്പുതറ എരുമേലിപടി സ്വദേശി കെൽവിനാണ് ഏവരെയും അത്ഭുതപ്പെടുത്തി ഡ്രോൺ നിർമിച്ചത്. സ്വരാജ് സയൻസ് സ്കൂളിൽ നിന്ന് എസ്എസ്എൽസി കഴിഞ്ഞ കെൽവിൻ കുട്ടിക്കാലം മുതലേ ഇലക്ട്രോണിക് സാധനങ്ങളുടെ മാതൃക ഉണ്ടാക്കുന്നതിൽ പ്രഗത്ഭനായിരുന്നു. യൂയൂട്യൂബില്‍ ഉപകരണങ്ങൾ നിർമിക്കുന്നതിന്‍റെ വീഡിയോകളുടെ സഹായത്തോടെയാണ് കെൽവിൻ ഡ്രോൺ നിർമിക്കുന്നത്. ഓൺലൈൻ വഴി സാമഗ്രികൾ ഓർഡർ ചെയ്ത് വരുത്തിയാണ് നിർമാണം. ഇത്തരത്തിൽ ഡ്രോൺ നിർമിക്കുന്നതിന് പതിനാറായിരത്തോളം രൂപയാണ് ചെലവ്. പരീക്ഷണ പറത്തൽ നടത്തുന്നതിനിടയിൽ പലതവണ ഡ്രോണിന്‍റെ ലീഫുകൾ തകർന്നിട്ടുണ്ട്.
ഒന്നര കിലോമീറ്റർ ഉയരത്തിൽ വരെ കെൽവിന്‍റെ ഡ്രോൺ പറപ്പിക്കാം. നിയമതടസ്സം നിലനിൽക്കുന്നതിനാൽ ഡ്രോണിൽ ക്യാമറകൾ ഘടിപ്പിക്കാൻ സാധിക്കില്ലന്നും കെൽവിൻ പറഞ്ഞു. ഡ്രോൺ കൂടാതെ വിമാനം, ജെസിബി, എമർജൻസി ലൈറ്റുകൾ എന്നിവയുടെ മാതൃകയും കെൽവിൻ തന്‍റെ കരവിരുതിൽ നിർമിച്ചിട്ടുണ്ട്. വിമാനം നിർമിക്കാനുള്ള ശ്രമത്തിലാണ് കെല്‍വിൻ. എന്നാൽ ഭാരം കുറഞ്ഞ ബാറ്ററിയുടെ അപര്യാപ്തതയാണ് ഇതിന് തടസ്സം. റൂഫ് നിർമാണ രംഗത്തുള്ള പിതാവ് ബോബനും പീരുമേട് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നഴ്സായ അമ്മ ഷൈനിയും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. രണ്ടാം ക്ലാസുകാരനായ അനിയൻ കെയ്റോണും ചേട്ടനെ സഹായിക്കുന്നതിൽ മുൻപന്തിയിലുണ്ട്. മുപ്പതിനായിരം രൂപ മുതൽമുടക്കുള്ള വലിയ ഡ്രോൺ നിർമ്മിച്ച് പറപ്പിക്കുക എന്നതാണ് തന്‍റെ അടുത്ത ലക്ഷ്യം എന്ന് കെൽവിൻ പറയുന്നു.