ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തിന്‍റെ വൃഷ്‌ടി പ്രദേശം കൈയേറിയതിനെതിരെ കര്‍ശന നടപടിയെന്ന് ജില്ല ഭരണകൂടം. അനധികൃമായി പണിതുയർത്തിയ കെട്ടിടം തിങ്കളാഴ്‌ച തന്നെ പൊളിച്ചു നീക്കി കൈയേറ്റം ഒഴിപ്പിക്കുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു. ഭൂമി കെഎസ്ഇബിയുടേതെന്നാണ് കണ്ടെത്തൽ. ആനയിറങ്കൽ കയ്യേറ്റം സംബന്ധിച്ച് ഇടിവി ഭാരത് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി ജില്ല കലക്‌ടർ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്.
ചിന്നക്കനാല്‍ വില്ലേജിലുള്‍പ്പെട്ട ആനയിറങ്കല്‍ ജലാശത്തിന്‍റെ തീരപ്രദേശം കൈയേറി ഏലം കൃഷിയും കെട്ടിട നിര്‍മാണവും നടത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വൃഷ്‌ടി പ്രദേശം വേലികെട്ടി തിരിച്ച് ഇവിടെ കെട്ടിടവും ജലസേചന സംവിധാനവും ഒരുക്കിയായിരുന്നു കയ്യേറ്റം. പ്രദേശത്ത് മറ്റ് കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടോയെന്നതിനെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു.